df

വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാപ്പിൽ ഭഗവതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിലകൊള്ളുന്ന കളി തട്ടുകൾ സംരക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയുന്നില്ല. കേരളീയ കലാ പാരമ്പര്യത്തിന്റെ നഷ്ടാവശിഷ്ടങ്ങളുടെ തിരുശേഷിപ്പായി നിലകൊള്ളുന്ന രണ്ട് കളിത്തട്ടുകളാണ് ക്ഷേത്രവളപ്പിലുള്ളത്. കല്ലും മണ്ണും ഉപയോഗിച്ച് ഇരിപ്പിട ഭാഗം കെട്ടിയും തടി കൊണ്ടുള്ള മേൽക്കൂരയിൽ ഓല മേഞ്ഞുമാണ് കളിത്തട്ടുകൾ നിർമ്മിച്ചത്. വർഷാവർഷങ്ങളിൽ നടക്കുന്ന ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ കരക്കാർ ഓല മേഞ്ഞാണ് കളി തട്ടുകൾ സംരക്ഷിച്ചു നിലനിറുത്തുന്നത്. ഇതിനായി നല്ലൊരു തുക തന്നെ വേണ്ടി വരുന്നുണ്ട്. ഏകദേശം 20000ഓളം രൂപയാണ് കളി തട്ടുകളുടെ ഓല മേയുന്നതിനും മറ്റും ചെലവാക്കുന്നത്. ഈ കളി തട്ടുകൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഒന്നും ചെയ്യുന്നില്ല എന്നാണ് കരക്കാരുടെ പരാതി. കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് കളിത്തട്ടുകളുള്ളത്. കളിത്തട്ടുകൾ പാരമ്പര്യ തനിമയോടെ സംരക്ഷിക്കുന്നതിന് മുൻകൈ എടുക്കേണ്ട ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് കാട്ടുന്നത്. പോയ കാലത്തിന്റെ സാംസ്കാരികത്തനിമയും കലാചാരുതയും വാസ്തുവിദ്യയും ഉൾപ്പെടെ ഒത്തൊരുമിക്കുന്ന ഈ കളി തട്ടുകൾ ഇന്ന് സംരക്ഷണവും കാത്തുകഴിയുകയാണ്.

പഴക്കം - 300 വർഷത്തിലേറെ

കുഞ്ചൻ നമ്പ്യാരുടെ ഓർമ്മകൾ പേറുന്ന കളിത്തട്ടുകൾ

300 വർഷത്തിലേറെ പഴക്കമുള്ള ഈ കളിത്തട്ടിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്ര കലകളായ കഥകളി, കൂത്ത്, തുള്ളൽ പാഠകം തുടങ്ങിയവയും ഇവിടെ അവതരിപ്പിച്ചിരുന്നു. ക്ഷേത്ര കോമ്പൗണ്ടിലുള്ള കളിത്തട്ടുകൾ ഇന്ന് ക്ഷേത്രദർശനത്തിനെത്തുന്നവരുടെയും വഴിയാത്രക്കാരുടെയും വിശ്രമ ഇടമാണ്.

പണി കഴിപ്പിച്ചത് മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് (1729- 1758) ക്ഷേത്ര കലകൾക്ക് നല്ല പ്രോത്സാഹനവും പിന്തുണയും ലഭിച്ചിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരി കീഴടക്കിയതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് താമസമാക്കിയ കുഞ്ചൻ നമ്പ്യാർ തുള്ളൽ പ്രചരിപ്പിക്കാനായി തിരുവിതാംകൂറിലുടനീളം യാത്ര ചെയ്തു. അതിനിടയിലാണ് കാപ്പിൽ ഭഗവതി ക്ഷേത്രത്തിൽ തുള്ളൽ അവതരിപ്പിച്ചത്. മാർത്താണ്ഡവർമ്മയാണ് ഇവിടെ കളി തട്ടുകൾ പണികഴിപ്പിച്ചത് എന്നാണ് പഴമക്കാരുടെ വിശ്വാസം. കുഞ്ചൻ നമ്പ്യാർക്കായി മാർത്താണ്ഡ വർമ്മ മഹാരാജാവ് പ്രത്യേകം ഒരുക്കിയ അരങ്ങാണ് ഇതെന്നും സവിശേഷതയുണ്ട്. കാപ്പിൽ നിവാസികൾക്കെല്ലാം ഗൃഹാതുരത്വത്തോടെയാണ് കളിത്തട്ടുകളെ കാണുന്നത്

കാപ്പിൽ ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളിത്തട്ടുകൾ സംരക്ഷിച്ച് നിലനിറുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ്, വകുപ്പ് മന്ത്രി എന്നിവരുമായി ചർച്ച ചെയ്‌തു പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

അഡ്വ. വി. ജോയി എം.എൽ.എ