malayora-highway

പാറശാല: ഏറെ പ്രതീക്ഷ നൽകി തുടങ്ങിയ മലയോര ഹൈവേ നിർമ്മാണം ഒച്ചിഴയും വേഗത്തിൽ തുടരുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. പാറശാല മുതൽ കാസർകോട് വരെയുള്ള മലയോര മേഖലകളിലെ പല നിയോജക മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്നതാണ് മലയോര ഹൈവേ. അധികൃതരുടെയും കരാറുകാരുടേയും അനാസ്ഥമൂലമാണ് നിർമ്മാണം ഇഴയുന്നതെന്നാണ് ആരോപണം. പാറശാല നിയോജക മണ്ഡലത്തിൽ മാത്രം 103 കോടി ചെലവിട്ട് 27.5 കിലോമീറ്റർ പൂർത്തിയാക്കാനുണ്ട്. ഹൈവേ ഈ നൂറ്രാണ്ടിലെങ്കിലും പൂർത്തിയാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.

പാറശ്ശാലയിൽ മൂന്ന് റീച്ചുകളായിട്ടാണ് നിർമ്മാണ പ്രവർത്തങ്ങൾ നടപ്പാക്കുന്നത്. പാറശാല മുതൽ കുടപ്പനമൂട് വരെ 15.5 കിലോമീറ്റർ ദൂരമുള്ള ഒന്നാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 ഒക്ടോബറിൽ ആണ് ആരംഭിച്ചത്. രണ്ട് വർഷം പിന്നിടുമ്പോഴും പാറശാല ബ്ലോക്ക് ഓഫീസ് ജംഗ്‌ഷൻ മുതൽ കൊടവിളാകം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തെ നിർമ്മാണ പ്രവർത്തങ്ങൾ പോലും ഭാഗികമായേ പൂർത്തിയായിട്ടുള്ളൂ.

ചിലയിടങ്ങളിൽ ഓട നിർമ്മാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലൂടെ പോകുന്ന ഭാഗങ്ങളിൽ തമിഴ്നാട് സർക്കാരിൽ നിന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള അനുമതി ഇനിയും നേടിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ഇരു വശങ്ങളിലും ഓട നിർമ്മിച്ചതിനെ തുടർന്ന് വീതി കൂട്ടുന്നതിനായി മണ്ണുകൾ മാറ്റിയ ശേഷം ചല്ലി നിറക്കേണ്ടതിന് പുറമെ നടപ്പാതയും നിർമ്മിച്ച ശേഷം റബറൈസിഡ് റോഡും നിർമ്മിക്കേണ്ടതാണ്. കൂടാതെ വേണ്ടത്ര തെരുവ് വിളക്കുകളും സ്ഥാപിക്കേണ്ടതുണ്ട്.

ഇതിനിടെ മലയോര പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ തകർന്നുകിടക്കുന്ന നിലവിലെ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. അതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം ഏറെ ബുദ്ധിമുട്ടിലായിട്ടുണ്ട്. ഓട നിർമ്മിക്കുന്നതിനായി കുഴിച്ച കുഴികൾ കോൺക്രീറ്റ് ചെയ്യാത്തത് കാരണം കാട് പിടിച്ചതിനാൽ സമീപവാസികൾക്ക് ഭീഷണിയായിരിക്കുകയാണ്.

അധികാരികളുടെ അനാസ്ഥയാണ് മലയോര ഹൈവേ നിർമ്മാണത്തിലെ മെല്ലെപ്പോക്കിന് കാരണം. ഹൈവേ നിർമ്മാണത്തിലെ കാലതാമസം പ്രദേശവാസികളുടെ സ്വൈര ജീവിതം ഇല്ലാതാക്കുന്നതും ഇതുവഴിയുള്ള ഗതാഗതം ബുദ്ധിമുട്ടിലാക്കുന്നതുമാണ്. റോഡിന് ഇരുവശത്തുമുള്ള നാട്ടുകാരുടെ വക സ്ഥലം വിട്ടുകൊടുത്ത് നടപ്പിലാക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണം നാട്ടുകാർക്ക് തന്നെ തിരിച്ചടിയവരുത്.

പൊതുപ്രവർത്തകർ