
തൃക്കരിപ്പൂർ: നാട്ടിൻപുറങ്ങളിൽ കണ്ടുവന്നിരുന്ന കാരമകൾ വംശനാശ ഭീഷണിയിൽ. വീടിന്റെ പരിസരങ്ങളിലും ചതുപ്പു നിലങ്ങളിലുമായാണ് ഇവയെ കണ്ടു വന്നിരുന്നത്. നിയന്ത്രണാതീതമായുള്ള നിർമ്മാണ പ്രവർത്തനങ്ങളും രാസവളപ്രയോഗങ്ങളും
ഇവയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയാണ്. നേരത്തെ പറമ്പുകളിലും ജനവാസ കേന്ദ്രങ്ങളിലും നാടോടികൾ കമ്പി കൊണ്ട് ആമകളെ കുത്തി കണ്ടെത്താറുണ്ട്. ഇവയുടെ മാംസം നല്ല ഭക്ഷ്യവസ്തുവായതിനാലാണ് വേട്ടയാടിയിരുന്നത്. എന്നാൽ ഇത്തരം ജീവജാലങ്ങളെ സംരക്ഷിക്കാനായി സർക്കാർ വന്യജീവി സംരക്ഷണ നിയമം ഉണ്ടാക്കുകയും ആമകളെ പിടികൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടും കരയാമകളെ നാട്ടിൻ പുറങ്ങളിൽ കാണാൻ കഴിയാറില്ല.
ഏഴു ഇഞ്ചു മാത്രം വലുപ്പമുള്ള കുഞ്ഞൻ ആമകൾ മുതൽ കൂറ്റൻ കടലാമകൾ വരെയായി 270 തരം ആമകൾ ഈ വിഭാഗത്തിൽ ഉണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറെ വർണ്ണ ഭംഗിയുള്ള നക്ഷത്ര ആമകളും ഉൾപ്പെടും. അലങ്കാര വിഭാഗത്തിൽ ഉൾപ്പെട്ട ഇത്തരം നക്ഷത്ര ആമകളെ വിദേശങ്ങളിലേക്ക് നിയമ വിരുദ്ധമായി കയറ്റി അയക്കുന്നത് പല തവണ പിടിക്കപ്പെട്ടിട്ടുണ്ട്. ചിന്നാർ വന്യജീവി സങ്കേതത്തിൽ കൂടുതലായും കണ്ടു വരുന്ന ഈ ആമയുടെ കറുത്ത പുറംതോടിൽ മഞ്ഞ വരകൾ ഉള്ളതും കൈകാലുകളും മഞ്ഞ നിറത്തിലുള്ളതാണ്. കട്ടിയുള്ള പുറംതോടും ഉള്ളിലേക്ക് വലിയാൻ കഴിവുള്ള കൈകാലുകളും കഴുത്തുമാണ് ഇവറ്റകളെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നത്.
ചെറിയ ജീവികളെയും പഴങ്ങളും, ചെറുസസ്യങ്ങളെയുമൊക്കെ ഭക്ഷിച്ചാണ് ആമകൾ കരയിൽ ജീവിക്കുന്നത് .പല്ലുകൾക്കു പകരം ശക്തിയേറിയ ചുണ്ടുകൾ ഉപയോഗിച്ചാണ് ആമകൾ ഭക്ഷണം ചവച്ചരക്കുന്നത്. 90 മുതൽ 150 വർഷം വരെയാണ് ആമകളുടെ ആയുസെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു വീട്ടുപറമ്പിലെ ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ ഒരേ വലിപ്പത്തിലുള്ള മൂന്നു ആമകൾ തീയിൽ നിന്ന് രക്ഷപ്പെടാൻ ഇഴഞ്ഞ് പുറത്തേക്ക് വരികയുണ്ടായി. വീട്ടുകാർ ഇവയെ പിടിച്ച് ചതുപ്പു പ്രദേശത്ത് വിടുകയാണുണ്ടായത്.