mahe

മാഹി: കൊവിഡ് കാലത്തും കേരളത്തിലടക്കം തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഒൻപത് വർഷമായി മാഹി ഉൾപ്പെട്ട പുതുച്ചേരിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പില്ല. മൂന്നര പതിറ്റാണ്ടുകാലം തെരഞ്ഞെടുപ്പ് നടത്താതിരുന്നിട്ട് ഒടുവിൽ ഹൈക്കോടതി ഉത്തരവോടെയാണ് 2006ൽ മയ്യഴി നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ പാർട്ടികൾക്കും ഇതൊന്നും പ്രശ്നമേയല്ല. കൊച്ചു സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണത്തിന് മാറിമാറി വരുന്ന ഭരണകക്ഷികൾക്കും താത്പര്യമില്ലത്രെ.
ഫ്രഞ്ച് ഭരണക്കാലത്ത് തന്നെ മാഹി നഗരസഭയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭ. മൂന്ന് അസംബ്ലി മണ്ഡലം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ അപൂർവ്വം നഗരസഭകളിലൊന്നായിരുന്നു ഇത്. പിന്നീടത് രണ്ടും ഇപ്പോൾ ഒന്നുമായി മാറി. തൊട്ടപ്പുറം കേരളത്തിൽ ജനകീയ ഭരണം നടക്കുമ്പോഴും കോടികളുടെ വരുമാനമുണ്ടായിട്ടും മയ്യഴി നഗരസഭയ്ക്ക് ജനകീയ പങ്കാളിത്തമില്ലാത്തത് നാടിന്റെ വികസനത്തെ പുറകോട്ടടിപ്പിക്കുകയാണ്.
ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങുന്ന ഈ പ്രദേശത്ത് 40,000 ജനങ്ങൾ കഴിയുന്നുണ്ട്. 1968ൽ തെരഞ്ഞെടുപ്പ് നടന്ന ശേഷം 2006ലാണ് കോടതി വിധിയെത്തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്. തങ്ങളുടെ അധികാരം നഷ്ടമായേക്കുമോ എന്ന ഭയം മൂലം പോണ്ടിച്ചേരിയിലേയും മാഹിയിലേയും അധികാരം കൈയ്യാളുന്നവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് താത്പ്പര്യവുമില്ല. ഇത്രയും കാലമായി തെരഞ്ഞെടുപ്പ് നടക്കാത്ത ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനമായി പോണ്ടിച്ചേരി മാറിയതിന് ഇതാണ് കാരണം.
മാഹി മുൻസിപ്പാലിറ്റിയുടെ ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും ആവശ്യത്തിലേറെയാണ്. എന്നിട്ടുമെന്തേ മയ്യഴി മുൻസിപ്പാലിറ്റി ഇങ്ങനെ കുത്തഴിഞ്ഞ നിലയിലായി എന്ന് ആരും പരിശോധിക്കാറില്ല. മുൻസിപ്പാലിറ്റിയിൽ ഒരാൾ നിയമിക്കപ്പെട്ടാൽ റിട്ടയർമെന്റ് ചെയ്യുന്നതും ഇതേ സ്ഥാപനത്തിലാണ്. ഇതാണ് വികസനത്തിന് പ്രശ്നം. മാഹി മുനിസിപ്പാലിറ്റി കൃത്യമായി നികുതി പിരിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു.
മാഹിയിലെ മദ്യശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളത്രയും നിക്ഷേപിക്കാനിടമില്ലാതെ നട്ടം തിരിയുകയാണ്. സൗകര്യപ്രദമായ ബസ് വെയിറ്റിംഗ് ഷെൽട്ടർ പോലും നിർമ്മിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പെട്രോൾ-മദ്യ വ്യാപാരത്തിലൂടെ ലഭിക്കുന്ന കോടികൾ പോണ്ടിച്ചേരിയിലെ ഖജനാവിലേയ്ക്ക് ഒഴുകുമ്പോൾ പരിസര ശുചീകരണത്തിന് അൽപം തുക ചെലവഴിക്കാനും ശ്രമമില്ല. തെരുവ് വിളക്കുകൾ കണ്ണടച്ചിട്ടും മാസങ്ങളായി.