v

വെഞ്ഞാറമൂട്: ഭവന രഹിതർക്ക് വീട് വച്ചുനൽകുന്നതിനായി വാങ്ങിയ ഒരേക്കർ വസ്തു കാടുമൂടിയ നിലയിൽ. നെല്ലനാട് പഞ്ചായത്ത് കാന്തലക്കോണം മൂന്നാം വാർഡിൽ 2014ൽ വാങ്ങിയ വസ്തുവാണ് ഇന്ന് കാടുമൂടിയിരിക്കുന്നത്.

രു സെന്റ് വസ്തുവിന് 30,000 രൂപ നിരക്കിലാണ് ഒരു ഏക്കർ വസ്തു വാങ്ങിയത്. വഴി സൗകര്യം ഇല്ലാത്തത് കാരണം ഏറെ നാൾ ഈ വസ്തു വാങ്ങൽ തടസപ്പെട്ടു കിടന്നു. തുടർന്ന് അന്നത്തെ വാർഡ് മെമ്പർ മുൻകെെയെടുത്ത് സ്വന്തം വസ്തുവിൽ നിന്ന് അഞ്ച് സെന്റ് വസ്തു വഴി വെട്ടുന്നതിന് സൗജന്യമായി വിട്ടുകൊടുത്തു. റോഡിനോട് ചേർന്നുള്ള ഈ വസ്തുവിന് ഏഴര ലക്ഷം രൂപയോളം മതിപ്പ് വിലയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ഭവന നിർമ്മാണത്തിന് ഫണ്ടില്ലാത്തതിനാൽ പഞ്ചായത്ത് ഭരണ സമിതി വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനെ സമീപിക്കുകയും തുടർന്ന് ബാങ്ക് ഒരു കോടി രൂപ വായ്പ നൽകാൻ തയാറാവുകയും ചെയ്തിരുന്നു. തുടർന്ന് ഭവനസമുച്ചങ്ങളുടെ നിർമ്മാണോദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുകയും ചെയ്തു.

ഇത്രയുമായപ്പോഴേക്കും പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി തീരുകയും ചെയ്തു. 2015ൽ അധികാരമേറ്റ പുതിയ പഞ്ചായത്ത് ഭരണ സമിതി തുടർ പ്രവർത്തനങ്ങൾ യാതൊന്നും നട‌ത്തിയതുമില്ല. മണ്ണും വീടും പദ്ധതിയിൽ ഉൾപ്പടുത്തി ഒരു വീട് അനുവദിച്ച് കിട്ടുന്നതിന് അപേക്ഷകർ അനവധിയുള്ള പഞ്ചായത്തിൽ 5 വർഷങ്ങൾ മുൻപിലുണ്ടായിരുന്നിട്ടും ഗ്രാമ പഞ്ചായത്ത് ഇതുവരെ നിർദ്ദിഷ്ട വസ്തുവിൽ യാതൊരുവിധ നിർമ്മാണ പ്രവർ‌ത്തനങ്ങളും നടത്തിയിട്ടില്ലായെന്നും ജനങ്ങൾ പറയുന്നു.

ഭവന സമുച്ചയങ്ങൾക്ക് വേണ്ടി വാങ്ങിയ ഒരു ഏക്കർ വസ്തു കാട് കയറി കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. ഇതുമൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.