
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ മാവേലി സ്റ്റോറെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടെ മാവേലി സ്റ്റോർ അനുവദിക്കണമെന്ന ആവശ്യത്തിന് 10വർഷത്തിലധികം പഴക്കമുണ്ട്. രൂക്ഷമായ കടൽക്ഷോഭത്താൽ വലയുന്ന ഇവിടുത്തുകാർ നിത്യവൃത്തിക്ക് നന്നേ കഷ്ടപ്പെടുന്നവരാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് മാവേലി സ്റ്റോർ പ്രവർത്തനമാരംഭിച്ചാൽ നിത്യച്ചെലവിന് നേരിയ ആശ്വാസം ലഭിക്കും.
വകുപ്പു മന്ത്രിമാർ പങ്കെടുത്ത പല യോഗങ്ങളിലും ഈ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാവേലി സ്റ്റോർ അനുവദിക്കുകയും ചെയ്തു. എന്നാൽ കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി നൽകണമെന്ന ആവശ്യമാണ് സിവിൽ സപ്ളൈസ് വകുപ്പ് മുന്നോട്ടുവച്ചത്. ഇതനുസരിച്ച് പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള പഞ്ചായത്തു വക കെട്ടിടം മാവേലി സ്റ്റോറിനായി വിട്ടുകൊടുക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ചശേഷം സ്ഥാപനം ആരംഭിക്കാൻ അനുയോജ്യമാണെന്ന് വിലയിരുത്തി. എന്നാൽ പല തവണ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തിൽ അധികൃതർ തുടരുന്ന അലംഭാവം വെടിയണമെന്നും അടിയന്തരമായി മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നടത്താൻ അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ജനസാന്ദ്രതയിൽ മുൻപന്തിയിൽ നിൽക്കുന്ന തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. കൂലിവേലക്കാരാണ് ഇവിടുത്തെ ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും. അടിയന്തരമായി മാവേലി സ്റ്റോർ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണം.
ഷെറിൻജോൺ, പ്രസിഡന്റ് കോൺഗ്രസ്, അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി