
മലയിൻകീഴ്: മലയിൻകീഴിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
മലയിൻകീഴ് ആനപ്പാറ സ്കൂൾ പരിസരത്തെ പാറക്കൂട്ടങ്ങളുടെ മറവിലാണ് ലഹരി ഉപയോഗവും വില്പനയ്ക്കും പ്രധാനമായി നടക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധിപേരാണ് ഇവിടെ ലഹരി ഉപയോഗത്തിനായി എത്തുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവിന്റെ ലഹരിയിൽ പാറക്കൂട്ടങ്ങളുടെ ഇടയിൽ വീണ് പരിക്കേറ്റ യുവാവിനെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ സ്കൂളിൽ എത്തിയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
സ്കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസിന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയ ഇവിടെ താവളമുറപ്പിക്കുന്നത്. മലയിൻകീഴ് ക്ഷേത്രക്കുള പരിസരം, കോട്ടമ്പൂര്-മണപ്പുറം, കരിപ്പീര് മൂഴിനട, മച്ചേൽ കോവിലുവിള തുടങ്ങിയ സ്ഥലങ്ങളും ഇവരുടെ പിടിയിലാണ്.
മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പുന്നാവൂർ, ഊരൂട്ടമ്പലം, കണ്ടല, പോങ്ങുംമൂട് മേഖലകളിലും ഇവർ സജീവമാണ്. ഒരു വർഷത്തിനിടെ 65 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഇവിടെ നിന്ന് പിടികൂടിയത്. വിളപ്പിൽശാല, മലയിൻകീഴ്, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തികളിലാണ് ലഹരിമാഫിയയുടെ ശല്യം ഏറുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
സംഘത്തിൽ വിദ്യാർത്ഥികളും
യുവാക്കളും വിദ്യാർത്ഥികളുമാണ് ലഹരി മാഫിയ സംഘത്തിന്റെ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ചാണ് ഇവരെ വലയിലാക്കുന്നത്. ഏജന്റുമാർ കൊണ്ടുവരുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതായും പരാതിയുണ്ട്. മുന്തിയ ഇനം സിഗററ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്.ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.
പിടിയിലാകുന്നത് ചെറുമീനുകൾ
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിൽ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം. നിരവധി കേസുകളിൽ ഉൾപ്പെട്ടവരും കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമാണ് വില്പനയ്ക്ക് നേതൃത്വം നൽകുന്നത്. ഇവരെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭീതിയുടെ നിഴലിൽ
ആനപ്പാറ സ്കൂൾ പരിസരം
മലയിൻകീഴ് ക്ഷേത്രക്കുള പരിസരം
കോട്ടമ്പൂര്-മണപ്പുറം
കരിപ്പീര് മൂഴിനട
മച്ചേൽ കോവിലുവിള
പുന്നാവൂർ
ഊരൂട്ടമ്പലം
കണ്ടല
പോങ്ങുംമൂട്