hip-pain

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. നിസാരമായത് മുതൽ ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമുള്ള നടുവേദനയ്ക്ക് വരെ പലരും ഇരയാകാറുണ്ട്. കുട്ടികൾ, പ്രായമായവർ എന്നുള്ള വ്യത്യാസമൊന്നും നടുവേദനയ്ക്കില്ല. ശാരീരികാവസ്ഥയുടെ അടിസ്ഥാനത്തിൽ നടുവേദന ഉണ്ടാകാനുള്ള സാദ്ധ്യത സ്ത്രീകൾക്കും മുതിർന്നവർക്കും കൂടുതലാണെന്ന് പറയാം. അസ്ഥി-മാംസങ്ങൾക്ക് ബലക്കുറവുള്ളവർ, കാൽസ്യത്തിന്റെ അളവ് കുറവുള്ളവർ, അമിതമായി സൈക്കിൾ ചവിട്ടുന്നവർ, അൽപം പോലും വെയിൽ കൊള്ളാത്തവർ, ശരിയായ ഭക്ഷണം കഴിക്കാതിരിക്കുന്നവർ, ഡാൻസ് കളിക്കുന്നവർ, വല്ലപ്പോഴും വ്യായാമംചെയ്യുന്ന കുട്ടികൾ എന്നിവരൊക്കെ നടുവേദനയെക്കുറിച്ച് പരാതി പറയാറുണ്ട്.

ഇതിനൊപ്പം കാലിലെ അസ്ഥികൾക്ക് വേദനയുണ്ടെന്നും ചിലർ പറയാറുണ്ട്.

പ്രത്യേകിച്ച്,​ വളരുന്ന പ്രായത്തിൽ കാൽസ്യത്തിന്റെ അളവ് കുറവുള്ളവർ.

ഗർഭാവസ്ഥ, തുടർച്ചയായ പ്രസവങ്ങൾ, മുലയൂട്ടൽ, പലതരം രോഗങ്ങൾ, തൈറോയ്ഡ്, ചില മരുന്നുകൾ, വിശ്രമമില്ലാത്ത ജോലി, അമിതവണ്ണം, വളരെനേരം നിന്നുകൊണ്ടുള്ള ജോലി, അമിതമായി മധുരവും കൃത്രിമ ആഹാരവും കഴിക്കുന്നവർ, കാലുകൾക്കും കാൽമുട്ടിലും ഉപ്പൂറ്റിയിലുമുള്ള താൽക്കാലികവും സ്ഥിരവുമായ രോഗങ്ങൾ, വെരിക്കോസ് വെയിൻ, അർശസ്, ഗർഭപാത്ര സംബന്ധമായ രോഗമുള്ളവർ,വെള്ളപോക്ക്,ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയവയാണ് സ്ത്രീകളിലെ നടുവേദനയുടെ പ്രധാന കാരണങ്ങൾ.

അമിതാദ്ധ്വാനം, ഒരേ രീതിയിലുള്ള ജോലികൾ, കാൽമുട്ട് വേദന, മറ്റ് രോഗങ്ങൾ, മലബന്ധം, വിശ്രമമില്ലാത്ത ജോലി, കിഡ്നി രോഗങ്ങൾ, കല്ലിന്റെ അസുഖം, സന്ധികൾക്ക് ഉണ്ടാകുന്ന വീക്കം, തേയ്മാനം, കശേരുക്കൾക്ക് ഉണ്ടാകുന്ന സ്ഥാനചലനം, ഞരമ്പുകൾക്കുണ്ടാകുന്ന തടസ്സം, ശരിയായ ചികിത്സ കിട്ടാത്ത രോഗങ്ങൾ തുടങ്ങിയവയും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

എന്നാൽ, അമിതമായ ടെൻഷൻ, ഉറക്കമില്ലായ്മ, അമിതാദ്ധ്വാനം, വിശ്രമമില്ലായ്മ, എങ്ങനെയെങ്കിലും ഇരിക്കുകയും കിടക്കുകയും ചെയ്യുക, മഴ, അധികമായി തണുപ്പേൽക്കുക, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ എല്ലാവരിലും നടുവേദന ഉണ്ടാക്കുകയും ഉള്ളതിനെ വർദ്ധിപ്പിക്കുകയും ചെയ്യും.

നടുവേദനയുള്ളവർ വേദനാസംഹാരികൾ ഉപയോഗിക്കുകയോ ഏതെങ്കിലും തൈലം വാങ്ങി തിരുമ്മുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇവ രണ്ടും ശരിയായ ചികിത്സയല്ല. വേദനാസംഹാരികൾ താൽക്കാലിക ശമനം നൽകുമെങ്കിലും അവ തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ ശമനമുണ്ടാകൂ എന്ന അവസ്ഥ വന്നുചേരും. അത് കാരണമുള്ള ബുദ്ധിമുട്ടുകളുമുണ്ടാകും. രോഗത്തിന്റെ സ്വഭാവം അറിയാതെ തൈലം വാങ്ങി തിരുമ്മുന്നത് നിലവിലുളള രോഗം വഷളാക്കാനേ സഹായിക്കൂ. തൈലത്തിന്റെ ഗുണമോ,​ രോഗാവസ്ഥയോ മറ്റേതെങ്കിലും രോഗവുമായി ബന്ധപ്പെട്ട നടുവേദനയാണോ എന്നൊന്നും മനസ്സിലാക്കാതെ തൈലം നന്നായി തിരുമ്മി അസുഖം വർദ്ധിപ്പിക്കുന്നവരുമുണ്ട്.

ധൃതിപിടിച്ചിട്ട് കാര്യമില്ല

ചിലർക്കെങ്കിലും മരുന്ന് കഴിച്ചാലുടൻ വേദന മാറണം. അസുഖത്തിന്റെ സ്വഭാവം എന്തുതന്നെയായാലും അഥവാ അസുഖം കുറഞ്ഞില്ലെങ്കിലും വേദന മാറണമെന്നതാണ് അവരുടെ ആവശ്യം. ആയുർവേദത്തിൽ താൽക്കാലിക രോഗശമനത്തിന് അത്ര പ്രാധാന്യമില്ല. അതല്ല ചികിത്സയുടെ ഉദ്ദേശ്യവും. മരുന്നുപയോഗിച്ച് രോഗം കുറയുന്ന മുറയ്ക്ക് രോഗത്തിന്റെ ലക്ഷണങ്ങളും കുറഞ്ഞുവരും. അതിനാൽ ഒരൽപ്പം സാവകാശമുള്ളവരാണ് ആയുർവേദചികിത്സയിലേക്ക് പോകേണ്ടത്. മരുന്നുപയോഗിച്ച് വീട്ടിലിരുന്നും ആശുപത്രിയിൽ കിടന്ന് പഞ്ചകർമ്മ ചികിത്സകൾക്ക് വിധേയമായും ചികിത്സിക്കേണ്ടി വരാം. തടവും കിഴിയും മാത്രമാണ് നടുവേദനയുടെ ചികിത്സ എന്ന് ആരും ചിന്തിച്ചു കളയരുത്. ചികിത്സ തേടുന്നത് ശരിയായ യോഗ്യതയുള്ളവരിൽ നിന്നു തന്നെ ആയിരിക്കുകയും വേണം. വേദനയുള്ളപ്പോൾ വിശ്രമമില്ലാതെ ചികിത്സ ചെയ്തിട്ട് കാര്യമില്ല.

സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ചികിത്സ സൗജന്യമാണ്. വീട്ടിലിരുന്ന് മരുന്ന് കഴിക്കുവാനേ നിർവാഹമുള്ളൂ എന്നുള്ളവർക്ക് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആയുർവേദ ഡിസ്പെൻസറികളിൽ നിന്നും കിടത്തി ചികിത്സ അനിവാര്യമായിരിക്കുന്നവർക്ക് ആയുർവേദ ആശുപത്രികളിൽ നിന്നും ചികിത്സ ലഭിക്കും. രോഗവർദ്ധനയുണ്ടാക്കുന്ന അപഥ്യങ്ങൾ ഒഴിവാക്കിയും രോഗശമനത്തിനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയും നടുവേദനയ്ക്കുള്ള ആയുർവേദ ചികിത്സ ഫലപ്രദമാക്കാവുന്നതാണ്.

നടുവേദന വർദ്ധിച്ച് പല തരത്തിലുള്ള ചികിത്സകൾ ചെയ്തു മടുത്തവർ ആയുർവേദ ചികിത്സയ്ക്ക് തയ്യാറാകുമ്പോൾ, തൈലവും തടവലും മാത്രമാണെന്നാണ് പലരും ചിന്തിക്കുന്നത്. സർജറി നിർദ്ദേശിച്ചിട്ടുള്ളവർ പോലും രോഗത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചികിത്സയിൽ വലിയ ധൃതി കാണിക്കുകയും ചെയ്യും.

കൂടുതൽ വേദനയും കഴപ്പും കാലുകളിൽ പെരുപ്പുമുള്ളവർക്ക് ആവശ്യത്തിന് വിശ്രമം കൂടി നൽകിയാലേ ചികിത്സ പ്രയോജനപ്പെടൂ. പ്രത്യേക വേദനാസംഹാരിയും ശക്തിയേറിയ മരുന്നുകളും ഉപയോഗിക്കാതെ തന്നെ അഭ്യംഗം, ലേപം, കിഴി, ആ വിപിടിക്കൽ, വസ്തി തുടങ്ങിയ ചികിത്സാ രീതികൾക്കൊപ്പം കഴിക്കുന്ന കഷായം, അരിഷ്ടം, ഗുളിക, ലേഹ്യം, ചിലപ്പോൾ ഘൃതങ്ങൾ തുടങ്ങിയവയുടെ ഉപയോഗം നടുവേദനയും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
രോഗത്തിന്റെ യഥാർത്ഥ സ്ഥിതി മനസിലാക്കാൻ ചിലപ്പോൾ രക്ത പരിശോധന, എക്സ് റേ, എം.ആർ.ഐ സ്കാൻ തുടങ്ങിയവയും വേണ്ടി വന്നേക്കാം.

ചികിത്സയ്ക്കിടയിൽ വീക്കമോ വേദനയോ കുറയുമ്പോൾ അസുഖം മാറിയെന്ന ധാരണയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ചികിത്സ നിർത്തിവയ്ക്കുന്നത് കൂടുതൽ കുഴപ്പത്തിലാക്കും. ചികിത്സ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും രോഗത്തിന്റെ യഥാർത്ഥ അവസ്ഥ വിലയിരുത്തേണ്ടത് അനിവാര്യമാണ്.