
കിളിമാനൂർ: കൊവിഡിന്റെ മറവിൽ സിമന്റിനും കെട്ടിട സാമഗ്രികൾക്കും അനിയന്ത്രിതമായി വില വർദ്ധിച്ചതോടെ നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലായി. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ഇതുമൂലം നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. സിമന്റിനും കടുത്ത ക്ഷാമമുണ്ട്.
സർക്കാരിന്റെ മുന്നറിയിപ്പുകളെ വകവയ്ക്കാതെയാണ് സിമന്റ് കമ്പനികൾ വില കുത്തനെ കൂട്ടുന്നത്. ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് പ്രമുഖ ബ്രാൻഡുകളുടെ സിമന്റ് ബാഗിന്റെ മാർക്കറ്റ് വില 300രൂപ മുതൽ 340 രൂപ വരെയായിരുന്നു. ലോക്ക് ഡൗണിനു ശേഷം സിമന്റ് നിർമ്മാണ കമ്പനികൾ ഒറ്റയടിക്ക് 25ശതമാനം വിലവർദ്ധന വരുത്തി. 50 കിലോ വരുന്ന ബാഗിനു 390 രൂപ മുതൽ 430 വരെയാണ് വില. സിമന്റ് ചില്ലറ വ്യാപാരികൾക്ക് കമ്പനി നൽകിയിരുന്ന വിവിധ ഡിസ്കൗണ്ടുകൾ ഒറ്റയടിക്ക് നൽകാത്തതിന് എതിരെയും വൻ വില വർദ്ധനയ്ക്കെതിരെ കേരളത്തിലെ സിമന്റ് ഡീലർസ് അസോസിയേഷൻ ഒക്ടോബർ രണ്ടാം വാരം മുതൽ സമരം നടത്തിയിരുന്നു. സിമന്റ് മാർക്കറ്റിൽ കടുത്ത ക്ഷാമവും തുടങ്ങിയിട്ടുണ്ട്. സർക്കാർ ശക്തമായ യാതൊരു ഇടപെടലും നടത്താതായതോടെ ഡീലർമാർ സമരം ഒക്ടോബർ 26നു പിൻവലിച്ചു. ഇതോടെ സിമന്റ് കമ്പനികൾ 27 മുതൽ വീണ്ടും 20 ശതമാനം മുതൽ 30ശതമാനം വരെ വില വർദ്ധിപ്പിച്ചു. ഇപ്പോൾ മാർക്കറ്റ് വില 440 രൂപ മുതൽ 510 രൂപ വരെയാണ്.