കല്ലമ്പലം: വസ്തു സംബന്ധമായ രേഖകൾ ലഭിക്കാനായി താലൂക്ക് ഓഫീസിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ അമിത ഫീസ്‌ ഈടാക്കുകയും പകർപ്പുകൾ നൽകാതിരിക്കുകയും ചെയ്ത പരാതിയിൽ പകർപ്പ് നൽകാനും തുക തിരിച്ചു നൽകാനും സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. കല്ലമ്പലം ശ്രീശൈലത്തിൽ മധുസൂദനൻ നായർ സംസ്ഥാന വിവരാവകാശ കമ്മിഷന് നൽകിയ അപ്പീലിലാണ് സുപ്രധാന ഉത്തരവ്. വിവരാവകാശ നിയമത്തിലെ 7 (5) വകുപ്പ് പ്രകാരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ സാധാരണയായി 50 രൂപയിൽ കൂടുതൽ ഫീസ്‌ ഈടാക്കരുതെന്നും രേഖകൾക്കൊന്നിന് അഞ്ചു രൂപയിൽ കൂടരുതെന്നും റിട്ട് പെറ്റിഷൻ (സിവിൽ) നമ്പർ 194/2012 ലെ 20/03/2018 തീയതിയിലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.