pipe-water

വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച സമ്പൂർണ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. നബാർഡിൽ നിന്ന് അനുവദിച്ച 31.50 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് ആരംഭിക്കുന്നത്.

രണ്ടാംഘട്ടമായി വിതുര പഞ്ചായത്തിലെ കുണ്ടാളംകുഴിയിൽ ഒരു ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും. കൂടാതെ വിതുര പഞ്ചായത്തിൽ അവശേഷിക്കുന്ന 5.5 കിലോമീറ്റർ ഭാഗത്ത് ജലവിതരണ ലൈനുകളും പൂർത്തിയാക്കും.

പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ളത് തൊളിക്കോട് പഞ്ചായത്തിലാണ്. രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചമലയിൽ 1.67 ലക്ഷം ലിറ്ററിന്റെ ടാങ്കും മേലേ തൊളിക്കോട് 2 ലക്ഷം ലിറ്ററിന്റെ ടാങ്കും സ്ഥാപിക്കും.

കൂടാതെ തോട്ടുമുക്കിലെ ടാങ്കിൽ നിന്ന് പച്ചമല ടാങ്കിലേക്കും വാവുപുര പ്ലാന്റിൽ നിന്ന് കുണ്ടാളംകുഴിയിലേക്കും പമ്പിംഗ് മെയിനും സ്ഥാപിക്കും. ഇവയ്ക്കൊപ്പം തൊളിക്കോട് പഞ്ചായത്തിലെ 42 കിലോമീറ്റർ ദൂരം ജലവിതരണ ലൈനുകളും സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കുമെന്നും എം.എൽ.എ അറിയിച്ചു.

രണ്ടു പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ജി. കാർത്തികേയൻ സ്പീക്കർ ആയിരിക്കെയാണ് സമ്പൂർണ ശുദ്ധജല വിതരണ പദ്ധതി ആവിഷ്കരിച്ചത്.

അനവധി സമരങ്ങൾ

തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ വേനൽക്കാലത്ത് അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നാട്ടുകാർ കിലോമീറ്റർ താണ്ടി വാമനപുരം നദിയിൽ നിന്നുൾപ്പെടെ വെള്ളമെത്തിച്ചാണ് ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. ഇത് സംബന്ധിച്ച് നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനപാത ഉപരോധമുൾപ്പെടെ നാട്ടുകാർ നടത്തിയിട്ടുണ്ട്. നിരവധി സമരങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ എട്ടുവർഷം മുൻപാണ് സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.

രണ്ടാംഘട്ടത്തിന്: 31.50 കോടി രൂപ

കുണ്ടാളംകുഴിയിൽ ഒരു ലക്ഷം ലിറ്ററിന്റെ ടാങ്ക്

വിതുര പഞ്ചായത്തിൽ 5.5 കി.മീ പൈപ്പ് ലൈൻ

പച്ചമലയിൽ 1.67 ലക്ഷം ലിറ്ററിന്റെ ടാങ്ക്

മേലേ തൊളിക്കോട് 2 ലക്ഷം ലിറ്ററിന്റെ ടാങ്ക്

തൊളിക്കോട് 42 കി.മീ പൈപ്പ് ലൈൻ

"നിലവിൽ രണ്ടു പഞ്ചായത്തുകളിലുമായി 22 കോടിയിലധികം രൂപയുടെ പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ജോലികൾ കൂടി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും. പദ്ധതിയുടെ പൂർത്തീകരണത്തോടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയും."

കെ.എസ്.ശബരീനാഥൻ, എം.എൽ.എ