തിരുവനന്തപുരം: കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതൽക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകൾ കൂടി ഒരുങ്ങുന്നു. ഖേലോ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരും തൃശൂരും ഓരോ സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഭരണാനുമതി നൽകി. ഏഴ് കോടി രൂപ വീതമാണ് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലാണ് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് വരുന്നത്. കോളേജിന് സ്വന്തമായുള്ള 10 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രെയിനേജ് സൗകര്യത്തോടെയുള്ള ഫുട്‌ബോൾ മൈതാനം എന്നിവയും നിർമ്മിക്കും. . തൃശൂർ കുന്നംകുളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലാണ് രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുക. സ്‌കൂളിന്റെ കളിസ്ഥലം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ നേരത്തെ നടപടി ആരംഭിച്ചിരുന്നു. സ്‌കൂളിൽ സ്‌പോർട്സ് ഡിവിഷൻ ആരംഭിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ഈ പ്രവർത്തനങ്ങൾക്ക് അനുകൂലമാണ് സിന്തറ്റിക് ട്രാക്കിന് ലഭിച്ച കേന്ദ്ര സർക്കാരിന്റെ ഭരണാനുമതി.