
തിരുവനന്തപുരം: ശിവശങ്കറിന്റെയും, ബിനീഷ് കോടിയേരിയുടെയും അറസ്റ്റ് വ്യക്തിഗത കുറ്റകൃത്യങ്ങളിലെന്ന് വിവരിച്ച് അവഗണിക്കുമ്പോഴും, രാഷ്ട്രീയ ധാർമ്മികതയെച്ചൊല്ലി ഉയരുന്ന ചോദ്യങ്ങൾ സി.പി.എമ്മിനെയും ഇടതുനേതൃത്വത്തെയും വരിഞ്ഞുമുറുക്കുന്നു.
ജനകീയ വികസന പദ്ധതികളിലൂടെ അരങ്ങ് തിരിച്ചുപിടിക്കാൻ സർക്കാർ ആഞ്ഞുശ്രമിക്കുമ്പോഴും, വിവാദച്ചുഴിയിൽ നിന്ന് കരകയറാനാവാത്ത പ്രതിസന്ധി വേട്ടയാടുകയാണ് . തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് നീങ്ങേണ്ട നിർണായകഘട്ടത്തിൽ ഇടതുമുന്നണിക്ക് ഇതേറെ അസ്വസ്ഥതയുളവാക്കുന്നതാണ്.സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ തമസ്കരിച്ച് നുണപ്രചാരണത്തിലൂടെ മാദ്ധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് കുറ്റപ്പെടുത്തി, നവംബർ ഒന്നിന് ജനകീയ കൂട്ടായ്മയ്ക്ക് സി.പി.എം ആഹ്വാനം ചെയ്തിരിക്കെയാണിത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം സി.പി.എമ്മിനുള്ളപ്പോഴും, കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി തള്ളിപ്പറയാത്തതിലെ ആശയക്കുഴപ്പവും നിലനിൽക്കുന്നു..
ശിവശങ്കർ സ്വന്തം നിലയ്ക്ക് ചെയ്ത കുറ്റകൃത്യമായതിനാൽ, സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ബാധിക്കുന്നതല്ലെന്ന വിശദീകരണം പൊതുസമൂഹത്തെ എത്രമാത്രം ബോദ്ധ്യപ്പെടുത്താനാകുമെന്നതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക തസ്തികയിലിരുന്ന് ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലടക്കം ഇടപെട്ടുവെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. ശിവശങ്കർ പദവി ദുരുപയോഗപ്പെടുത്തിയപ്പോൾ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടേത് വീഴ്ചയല്ലേയെന്ന ചോദ്യത്തിന് മറുപടി നൽകുക പ്രയാസമാകും. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിന് നേർക്കുന്നയിച്ച ചോദ്യം അതേനിലയിൽ തിരിച്ചടിക്കുന്ന നില. ശിവശങ്കറിനെ നിയന്ത്രിക്കുന്നതിൽ സൂക്ഷ്മതക്കുറവുണ്ടായെന്ന സന്ദേഹം ഇടതുകേന്ദ്രങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് പാർട്ടിയും മുന്നണിയും ഏറ്റെടുക്കുന്നത്.
ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ, ബിനീഷ് കോടിയേരിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത് സി.പി.എം നേതൃത്വത്തിന് ഇരട്ടപ്രഹരമായി. ബിനീഷ് കോടിയേരി സി.പി.എം പ്രവർത്തകനല്ലെന്ന് പറഞ്ഞ് നേതൃത്വം കൈകഴുകുന്നുണ്ട്. മക്കൾ ചെയ്യുന്ന തെറ്റിന് നേതാക്കളെ വലിച്ചിഴയ്ക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. ബിനീഷ് തെറ്റ് ചെയ്തെങ്കിൽ തൂക്കിക്കൊന്നോട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ നേരത്തേ തന്നെ പറഞ്ഞത് സി.പി.എമ്മിന് ഈ വിവാദത്തിൽ പങ്കില്ലെന്ന് സ്ഥാപിക്കാനാണ്. പക്ഷേ, അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകൻ പണമിടപാട് കേസിൽ കുരുക്കിലാകുന്നതിന്റെ ധാർമ്മികത ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ആക്രമണം കനപ്പിക്കുന്നത്.
പ്രതിസന്ധി സംസ്ഥാന നേതൃത്വത്തെ ഗ്രസിച്ചുനിൽക്കെ, ഇന്നും നാളെയും സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഓൺലൈനായി ചേരുകയാണ്. കേരളമൊഴിച്ചെല്ലായിടത്തും ദേശീയതലത്തിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് പച്ചക്കൊടി കാട്ടിയ പോളിറ്റ്ബ്യൂറോ തീരുമാനത്തിന്റെ റിപ്പോർട്ടിംഗാണ് അജൻഡയെങ്കിലും, കേരളത്തിലെ വിവാദങ്ങളും പരാമർശവിധേയമായേക്കാം.