
തിരുവനന്തപുരം: ഇടതു സർക്കാരിനും ഭരണമുന്നണിക്കുമെതിരായ രാഷ്ട്രീയ വിവാദങ്ങളെ ഊർജമാക്കി, ആലസ്യത്തിലാണ്ട് കിടന്നിരുന്ന സംഘടനാ സംവിധാനത്തെ ഉണർത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾ.
നവംബർ ഒന്നിന് വഞ്ചനാദിനാചരണത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തതിന് പുറമേ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ തെരുവിൽ പ്രതിഷേധം ശക്തമാക്കുകയുമാണ്. പാർട്ടിയിലെയും, മുന്നണിയിലെയും അഭിപ്രായഭിന്നതകൾ തത്കാലം മറച്ചുവയ്ക്കാൻ പുതിയ സംഭവവികാസങ്ങൾ സഹായിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു. ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീതി സൃഷ്ടിക്കാൻ രാഷ്ട്രീയ സമരങ്ങൾക്കാവുമെന്ന ചിന്ത അണികളെ ആവേശത്തിലാക്കുമെന്നും കരുതുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസമാണ് ബാക്കി. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമസഭാ തിരഞ്ഞെടുപ്പ് വരെ കത്തിച്ചുനിറുത്താനാവശ്യമായ വിവാദങ്ങൾ
ഇനിയും ഉയർന്നുവരുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്റ്റിലായ സ്ഥിതിക്ക്.ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടുപോയത് മദ്ധ്യകേരളത്തിൽ സൃഷ്ടിച്ചേക്കാനിടയുള്ള ചലനങ്ങളെ മറികടക്കാനും പ്രക്ഷോഭങ്ങൾ സഹായിക്കുമെന്ന് യു.ഡി.എഫ് കരുതുന്നു.
യു.ഡി.എഫ് സമരങ്ങളിൽ സ്വന്തം ഘടകകക്ഷി പോലും അവിശ്വാസം രേഖപ്പെടുത്തിയതിന് തെളിവായി ജോസിന്റെ പടിയിറക്കത്തെ രാഷ്ട്രീയ പ്രചാരണയാധുമാക്കാൻ സി.പി.എം ഒരുങ്ങുമ്പോഴാണ് ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിലൂടെ മറ്റൊരു രാഷ്ട്രീയ വഴിത്തിരിവുണ്ടായത്. എന്നാൽ, കാര്യങ്ങൾ തിരിഞ്ഞുവരുമെന്ന കണക്കുകൂട്ടൽ സി.പി.എം കേന്ദ്രങ്ങളിലുമുണ്ട്. മുസ്ലിംലീഗ് എം.എൽ.എമാർക്കെതിരായ അന്വേഷണവും പാലാരിവട്ടം പാലം അഴിമതിക്കേസുമെല്ലാം സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന് ഒരു കോടി നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം മുറുകുമെന്ന പ്രതീക്ഷയും ഇടതു ക്യാമ്പുകളിലുണ്ട്.