ramsi

 തെളിവുകൾ ശേഖരിച്ച് ക്രൈം ബ്രാഞ്ച്

കൊല്ലം: റംസി കേസിൽ പത്തനംതിട്ട എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം ഹാരിസ് പ്രണയം നടിച്ച് റംസിയെ കൂട്ടിക്കൊണ്ടുപോയ സ്ഥലങ്ങളിലെത്തി തെളിവ് ശേഖരിച്ചു. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിലെത്തിയ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മൂന്നാർ യാത്രയിൽ റംസിയുടെ കൂട്ടുകാരിയും ഭർത്താവും വാഗമൺ ട്രിപ്പിൽ ഹാരിസിന്റെ കൂട്ടുകാരും ഇവർ‌ക്കൊപ്പമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ മൊഴികളും രേഖപ്പെടുത്തി. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും തെളിവായി ശേഖരിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ മൂന്നാറിലെ റിസോർട്ടിന്റെ പേരുൾപ്പെടെ ഹാരിസ് തെറ്റായാണ് പറഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഹാരിസ് പറഞ്ഞ റിസോർട്ടിലെ രജിസ്റ്റർ പരിശോധിച്ചെങ്കിലും സന്ദർശനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ല. തുട‌ർന്ന് മുഴുവൻ റിസോർട്ടുകളിലും ഹോട്ടലുകളിലും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിച്ചിരുന്ന സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായത്. റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചത് താനാണെന്ന് ആദ്യം പൊലീസിനോട് സമ്മതിച്ചിരുന്ന ഇയാൾ പിന്നീട് ക്രൈംബ്രാഞ്ചിനോട് റംസിയാണ് അത് ചെയ്തതെന്ന് തിരുത്തി. റംസിയുടെ വീട്ടുകാ‌ർ ഹാരിസിന് സമ്മാനിച്ച ഐ ഫോണും ഇവർ ഉപയോഗിച്ചിരുന്ന മറ്റ് ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലങ്ങൾ വരാനുണ്ട്.

 ജാമ്യാപേക്ഷ നവംബർ 4ന് പരിഗണിക്കും

റിമാൻഡിൽ കഴിയുന്ന ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ 4ന് പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയും ഹാരിസിന്റെ മാതാവുമായ ആരിഫാബീവി, മൂന്നാം പ്രതിയും സഹോദര ഭാര്യയുമായ സീരിയൽ നടി ലക്ഷ്മി പ്രമോദ്, നാലാം പ്രതിയും ലക്ഷ്മി പ്രമോദിന്റെ ഭർത്താവുമായ അസറുദ്ദീൻ എന്നിവരുടെ മുൻകൂർ ജാമ്യത്തിനെതിരായി ക്രൈംബ്രാഞ്ച് നൽകിയ അപ്പീലിൽ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടിയിട്ടുണ്ട്.

''

ഹാരിസിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. പഴുതടച്ച തെളിവുശേഖരണമാണ് നടത്തുന്നത്.

അനിൽ കുമാർ

ഡിവൈ.എസ്.പി, ക്രൈം ബ്രാഞ്ച് ‌