
തിരുവനന്തപുരം: കൊവിഡിന്റെ അടച്ചിരിപ്പിനെ തുടർന്ന് ദുരിത വഴിയിലായ നഗരത്തിലെ പ്രീപെയ്ഡ് ഓട്ടോ ഡ്രൈവർമാരുടെ ജീവിതം ഇപ്പോഴും കിതയ്ക്കുകയാണ്. യാത്രക്കാർ വരാതായതോടെ പ്രീപെയ്ഡ് കൗണ്ടറുകൾ പൂട്ടിയതാണ് ഇവർക്ക് ഇരുട്ടടിയായത്. പലരും കൗണ്ടറുകളിൽ വണ്ടിയിട്ട് ഓടുന്നുണ്ടെങ്കിലും നിത്യച്ചെലവിനുള്ള പണം പോലും കിട്ടുന്നില്ല.
നഗരത്തിലെത്തുന്നവരുടെയും യാത്രക്കാരുടെയും എണ്ണം കുറഞ്ഞതിനൊപ്പം കൗണ്ടറുകൾക്ക് സമീപം മറ്റ് ഓട്ടോക്കാർ എത്തുന്നതും ഇവർക്ക് വെല്ലുവിളിയാകുകയാണ്. കിഴക്കേകോട്ട, തമ്പാനൂർ (രണ്ട് കൗണ്ടർ), മെഡിക്കൽ കോളേജ്, പേട്ട റെയിൽവേ സ്റ്റേഷൻ, കിംസ്, പദ്മനാഭസ്വാമി ക്ഷേത്രനട എന്നിവിടങ്ങളിലാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളുള്ളത്. ലോക്ക് ഡൗണിൽ ഇവ അടച്ചിരുന്നെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ തുറന്നു. എന്നാൽ യാത്രക്കാരില്ലാത്തതു കാരണം ലാഭമില്ലെന്ന് പറഞ്ഞ് നഗരസഭയും ട്രാഫിക് പൊലീസും ചേർന്ന് ഈ മാസം ഒമ്പതോടെ വീണ്ടും കൗണ്ടറുകളടച്ചു. ഇതോടെയാണ് ഓട്ടോ ഡ്രൈവവർമാരും ട്രാഫിക് വാർഡൻമാരും ദുരിതത്തിലായത്. കൂടാതെ കൗണ്ടറുകളെ പതിവായി ആശ്രയിച്ചിരുന്ന രോഗികളും ആശുപത്രി ജീവനക്കാരുമടക്കമുള്ളവർ ഇപ്പോൾ മറ്റ് ഓട്ടോറിക്ഷകൾക്കായി കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്.