
തിരുവനന്തപുരം: ബംഗളുരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി എന്നും വിവാദങ്ങളുടെ ഇഷ്ടതോഴൻ. ദുബായ് കേന്ദ്രമാക്കി ബിസിനസുകൾ നടത്തുന്ന ബിനീഷിനെതിരെ അവിടെ സാമ്പത്തിക തട്ടിപ്പും വഞ്ചനയും ആരോപിച്ച് നിരവധി കേസുകളുണ്ടായി. 2015 ൽ ദുബായിലെ സാമ്പത്തിക സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചയ്‌ക്കാതിരുന്ന കേസിൽ ബിനീഷിന് രണ്ടു മാസം തടവുശിക്ഷ വിധിച്ചിരുന്നു. ദുബായിലെത്തിയാൽ അറസ്റ്റിലാകുമെന്നായതോടെ പണം നൽകി കേസ് ഒത്തുതീർക്കാമെന്ന വ്യവസ്ഥയിൽ വിവാദം അവസാനിപ്പിച്ചു.
ദുബായിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി 55 ലക്ഷത്തോളം രൂപയ്ക്കു തുല്യമായ തുകയുടെ പേരിൽ ബിനീഷിനെതിരെ വഞ്ചാനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫസ്റ്റ് ഗൾഫ് ബാങ്കിന്റെ ചെക്ക് മടങ്ങിയതിന്റെ പേരിലായിരുന്നു അൽ- ബർഷ സ്റ്റേഷനിൽ 2016 ലെ കേസ്. ഒരു സ്വകാര്യ ക്രെഡിറ്റ് കാർഡ് കമ്പനി 2017ൽ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ ബിനീഷിനെതിരെ കേസു നൽകി.
ബിനീഷിന്റെ മൂത്ത സഹോദരൻ ബിനോയിക്കെതിരെ ദുബായിൽ സാമ്പത്തിക തട്ടിപ്പു കേസുണ്ടായപ്പോൾ അതുമായി ബന്ധപ്പെട്ടും ബിനീഷിന്റെ പേര് വാർത്തകളിലെത്തി. കോടതി ചെലവടക്കം ബിനോയ് 13 കോടി രൂപ നൽകാനുണ്ടെന്നു കാട്ടി ജാസ് ടൂറിസം ഉടമ സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെയാണ് അന്ന് കേസ് ശ്രദ്ധയാകർഷിച്ചത്. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. ഇതിനു പണം നൽകിയത് പ്രമുഖ വ്യവസായിയാണെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡനം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മുംബയ് പൊലീസും ബിനോയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസും പിന്നീട് പണം നൽകി ഒത്തുതീർപ്പാക്കി.