
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെല്ലാം വിശ്വസ്തരാണ്.
പുതിയ സർക്കാരിൽ ചുമതലകൾ നൽകാൻ ഉദ്യോഗസ്ഥരെ അന്വേഷിച്ചപ്പോൾ മുന്നിൽ വന്ന പേരുകളിലൊന്നാണ് ശിവശങ്കറിന്റേത്. നേരത്തേ വ്യത്യസ്ത ചുമതലകളിൽ പ്രവർത്തിച്ച ഐ.എ.എസുദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിർദ്ദേശിക്കപ്പെട്ടപ്പോൾ സംശയിക്കാനൊന്നുമുണ്ടായിരുന്നില്ല.
അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സർക്കാരിന്റെ ഉത്തരവാദിത്വമാകുന്നില്ല. അത് സർക്കാരിനെ ബാധിക്കുന്ന തരത്തിലായെന്ന് കണ്ടപ്പോൾ നടപടി സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ട.
വ്യക്തിപരമായി ശിവശങ്കർ നടത്തിയ ഇടപാടുകൾക്ക് സർക്കാർ ഉത്തരവാദിയല്ല. ഒരു നിയമ ലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല.