ldf

തിരുവനന്തപുരം :എൽ.‌ഡി.എഫിൽ എത്തിയ ഘടകക്ഷികൾ സി.പി.ഐയുടെ സിറ്റിംഗ് സീറ്റുകൾ ആവശ്യപ്പെട്ടതോടെ കോർപ്പറേഷനിലെ സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം.പുതിയ കക്ഷികൾക്ക് ആവശ്യമായ സീറ്റെല്ലാം സി.പി.ഐ വിട്ടു നൽകാൻ തയ്യാറായെങ്കിലും പകരം ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ സി.പി.എം വിസമ്മതിച്ചതാണ് തർക്കത്തിന് വഴിയൊരുക്കിയത്.

കേരള കോൺഗ്രസ് (എം),കേരള കോൺഗ്രസ് (സ്‌കറിയ തോമസ്),എൽ.ജെ.ഡി എന്നിവർക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു ധാരണ.സി.പി.എം രണ്ടും സി.പി.ഐ ഒരു സീറ്റും വിട്ടുകൊടുക്കാമെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും സി.പി.ഐയുടെ സീറ്റുകളായിരുന്നു ഘടകകക്ഷികൾക്ക് ആവശ്യം.സി.പി.ഐ ഇതിന് തയ്യാറായി.പക്ഷേ,സി.പി.എമ്മിന്റെ കൈവശമുള്ള സീറ്റുകൾ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ 2015ൽ മത്സരിച്ച 18സീറ്റുകളിൽ 17 എണ്ണത്തിൽ വീണ്ടും മത്സരിക്കാനും നാലാഞ്ചിറ ഉപാധികളില്ലാതെ വിട്ടുകൊടുക്കാനും സി.പി.ഐ തീരുമാനിച്ചു.
വഴുതക്കാട്,തമ്പാനൂർ,നേമം,പൂജപ്പുര,വെള്ളാർ,അമ്പലത്തറ,കോട്ടപ്പുറം,വലിയതുറ,പി.ടി.പി നഗർ,ചെട്ടിവിളാകം, തുരുത്തുംമൂല,പട്ടം,ശ്രീവരാഹം,ഞാണ്ടൂർകോണം,അണമുഖം,ശംഖുമുഖം,ചന്തവിള എന്നിവിടങ്ങളിലാകും സി.പി.ഐ മത്സരിക്കുക.

സി.പി.ഐയുടെ സീറ്റായ പട്ടമാണ് സ്‌കറിയ തോമസ് വിഭാഗം ആവശ്യപ്പെട്ടത്.എന്നാൽ അത് നൽകാനാകില്ലെന്ന് നേതൃത്വം അറിയിച്ചു.എൽ.ജെ.ഡിക്ക് വേണ്ടി പൂജപ്പുര ചോദിച്ചപ്പോൾ സി.പി.എമ്മിന്റെ കൈയിലുള്ള കമലേശ്വരം വാർഡാണ് സി.പി.ഐ പകരം ആവശ്യപ്പെട്ടത്.എന്നാൽ കമലേശ്വരം വിട്ടുനൽകാൻ കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കി.പൂന്തൂറയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടത്.എന്നാൽ സിപി.ഐയുടെ ഉറച്ച സീറ്റുകൾ വിട്ടുകൊടുത്ത് മറ്റുള്ളവരെ തൃപ്തിപ്പെടുത്താനില്ലെന്ന് നേതാക്കൾ നിലപാടെടുത്തു.പട്ടം കിട്ടിയില്ലെങ്കിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് സ്‌കറിയ തോമസ് വിഭാഗവും അറിയിച്ചതോടെ ചർച്ച വഴിമുട്ടി.വരും ദിവസങ്ങളിൽ ചർച്ചകൾ വീണ്ടും നടക്കും.എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സി.പി.എം സ്ഥാനാർത്ഥികൾ ചുവരെഴുതി പ്രചാരണം തുടങ്ങിയതിലും സി.പി.ഐയ്ക്ക് അതൃപ്തിയുണ്ട്.