
പൂവാർ: മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച് സംസ്ഥാന സർക്കാർ പുപ്പെടുവിച്ച ഓർഡിനൻസിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. മത്സ്യത്തൊഴിലാളി മേഖലയിൽ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കുകയാണ് ഓർഡിനൻസിന്റെ ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തലമുറകളായി പിന്തുടരുന്ന ചൂഷണത്തിന് പകരം മറ്റൊരു ചൂഷകവർഗത്തെ സൃഷ്ടിക്കാൻ മാത്രമേ ഓർഡിനൻസ് കൊണ്ട് കഴിയൂ എന്നാണ് തൊഴിലാളികളുടെ പക്ഷം. എവിടെ നിന്ന് കടലിൽ പോകണമെന്നും എവിടെ പണിയെടുക്കണമെന്നും ഏത് തീരത്ത് യാനങ്ങൾ അടുപ്പിക്കണമെന്നും ആർക്ക് മത്സ്യം വിൽക്കണമെന്നുമുള്ള പരിമിതമായ അവകാശം പോലും ഓർഡിനൻസ് കവരുകയാണെന്നും ആരോപണമുണ്ട്.
നിലവിൽ തരകന്മാർ, ലേലക്കാർ, കമ്മീഷൻ ഏജന്റുമാർ തുടങ്ങിയവരാണ് മീനിന്റെ വില നിശ്ചയിക്കുന്നത്. തുടക്കത്തിൽ തീരുമാനിച്ച വില സമയം കഴിയുതോറും ലേലക്കാരും ഏജന്റുമാരും തമ്മിൽ ഒത്തുകളിച്ച് വീണ്ടും വെട്ടിക്കുറയ്ക്കും. വലിയ ബോട്ടുകളിലെത്തുന്ന മീനുകൾക്ക് നല്ല വില നൽകുകയും ചെറുവള്ളങ്ങളിലും ബോട്ടുകളിലുമെത്തുന്ന മീനുകൾക്ക് വില കുറച്ച് നൽകുന്നതും പതിവാണ്. ലേല കമ്മിഷന് പുറമേ ലേലക്കിഴിവ് എന്ന പേരിൽ 15ശതമാനം തുക യാന ഉടമകളിൽ നിന്നും വസൂലാക്കും. 12 കുട്ട മത്സ്യത്തിന് 2 കുട്ട ലേലക്കാരന് നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ പുതിയ ഓർഡിൻസ് വരുന്നതിലൂടെ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഓർഡിനൻസ് ഇങ്ങനെ
നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമേ യാനങ്ങൾ അടുപ്പിക്കുവാനും മത്സ്യം വിൽക്കുവാനുമാകൂ.
ഒരോ ജില്ലയിലും മത്സ്യവില നിശ്ചയിക്കാൻ പ്രത്യേക സംവിധാനം നിലവിൽ വരും. ആദ്യവും അവസാനവും എത്തുന്ന യാനങ്ങൾക്ക് ഒരേ വില ലഭിക്കും. ലേലക്കാരൻ ആരായിരിക്കണമെന്ന് സർക്കാർ തീരുമാനിക്കും. മത്സ്യത്തൊഴിലാളികൾക്ക് ശതമാനത്തിൽ കൂടുതൽ നഷ്ടം ഉണ്ടാകില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് 2 മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ നൽകേണ്ടി വരും. ഇതാവർത്തിച്ചാൽ ഒരു വർഷം ജയിൽ ശിക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ ഓർഡിനൻസ്.
ആശങ്ക ഇങ്ങനെ
സംസ്ഥാനത്തെ 228 മത്സ്യഗ്രാമങ്ങളിൽ മീൻപിടിത്ത തുറമുഖങ്ങളും ചില ഫിഷ് ലാൻഡിംഗ് സെന്ററുകളും മാത്രമാണ് സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ളത്. മറ്റുള്ള എല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത രീതിയിലാണ് തലമുറകളായി മത്സ്യബന്ധനം നടത്തുന്നത്. അതിനാൽ ഓർഡിനൻസ് നിലവിൽ വരുമ്പോൾ ഇവിടങ്ങളിലെ മത്സ്യബന്ധനം നിയമവിരുദ്ധമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.