
കോഴിക്കോട്: യുവാക്കളുടെ സന്നദ്ധസേവനം സോഷ്യൽ മീഡിയകളിൽ ഒതുങ്ങിപോകുന്നുവോ ? ഷെയർ ബട്ടണുകൾക്കപ്പുറത്തേക്കുള്ള ഒന്നും തന്നെ പുതിയ തലമുറയിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് പാലിയേറ്റീവ് കെയർ യൂണിറ്റിലെ സേവന പ്രവർത്തകരുടെ കണക്കുകൾ. പാലിയേറ്റീവ് കെയർ സേവന രംഗത്തേക്ക് പുതിയ സന്നദ്ധ പ്രവർത്തകർ വരാത്തത് സേവന മേഖലക്ക് കടുത്ത തിരിച്ചടിയാകുന്ന ഈ സാഹചര്യം നിലനിൽക്കെ പാലിയേറ്റീവ് കെയറിൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിൽ ഭൂരിഭാഗം പേരും പ്രായം ചെന്നവർ.
അതിനാൽ തന്നെ കൊവിഡ് പശ്ചാത്തലത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള സേവനങ്ങളും പലയിടങ്ങളിലും മുടങ്ങുകയാണ്.
ചികിത്സാ മാർഗങ്ങൾ പരാജയപ്പെട്ടും അധിക പേരുടെയൊന്നും കണ്ണും കാതും മനസുമെത്താതെയുമൊക്കെ കഴിയുന്ന രോഗികളെയാണ് പാലിയേറ്റീവ് കെയർ ഏറ്റെടുക്കുന്നത്. നിസ്സഹായനായ ഡോക്ടർ ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, വീട്ടിലേക്കു കൊണ്ടുപൊയ്‌ക്കോളൂ എന്നു പറയുമ്പോൾ രോഗിയുടെയും ബന്ധുക്കളുടെയും മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാരുണ്യത്തിന്റെ മാലാഖമാരായി മാറുന്നവരാണിവർ. എന്നാൽ പ്രായമായവർ മാത്രം ഈ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ ഇതിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ആശങ്കയിലാണ്.
സൗജന്യ സേവനത്തിന് തയ്യാറുള്ളവരെ മാത്രമാണ് വോളണ്ടിയർമാരായി എടുക്കുക. ഇവർക്ക് സർക്കാർ തലത്തിൽ മൂന്ന് ദിവസത്തെ ക്ലാസും നൽകും. എന്നാൽ റിട്ടയർമെന്റ് കഴിഞ്ഞവർക്കുള്ള ഇടമായി മാറിയിരിക്കുകയാണിവിടെ. മുപ്പത് വോളണ്ടിയർമാരുള്ള പുതിയങ്ങാടി അത്താണി പാലിയേറ്റീവ് കെയറിൽ ചെറുപ്പക്കാരായി അഞ്ച് പേർ മാത്രമാണുള്ളതെന്ന് അത്താണി പാലിയേറ്റീവ് സെക്രട്ടറി പ്രേമൻ പറയുന്നു. ഇരുന്നൂറ്റിയെഴുപത്തിയഞ്ചോളം സ്ഥിരം രോഗികളാണ് അത്താണി പാലിയേറ്റീവ് ക്ലിനിക്കിനു കീഴിലുള്ളത്. ഇതിൽ ഒരു ഡോക്ടറും രണ്ട് നേഴ്സുമാരുമുണ്ട്.
ഏകദേശം ഒരു ലക്ഷത്തോളം രൂപ ഇവർക്ക് മാസം ചിലവ് വരുന്നുണ്ട്. പിരിവിലൂടെ മാത്രമാണ് ചിലവിനുള്ള തുക കണ്ടെത്തിയിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അറുപത് വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുള്ളപ്പോൾ ഇനി എന്ത് ചെയ്യാനാകുമെന്ന് ഇവർ ചോദിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ വിളിച്ചാലും രംഗത്തെത്തിയിരുന്നവർ വീട്ടുകാർക്ക് മറുപടി കൊടുക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.