
കർണാടക സംഗീതലോകത്തെ ഭീഷ്മാചാര്യപ്പട്ടം നേടിയ സംഗീത കലാനിധി പത്മഭൂഷൺ ഡോ. ശെമ്മാങ്കുടി ആർ. ശ്രീനിവാസയ്യർ വിട വാങ്ങിയിട്ട് പതിനേഴ് വർഷം. 2003 ഒക്ടോബർ 31ന് 96ാമത്തെ വയസിൽ ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
അവസാനത്തെ കച്ചേരി 93ാം വയസിൽ ചെന്നൈയിലായിരുന്നു. 2000 ഒക്ടോബർ മാസത്തിൽ. ആ പ്രായത്തിലന്ന് മൂന്ന് മണിക്കൂർ ക്ഷീണമില്ലാതെ പാടിയ അദ്ദേഹം അവിടെക്കൂടിയ ശ്രോതാക്കളെയെല്ലാം വിസ്മയിപ്പിച്ചു. ആ കച്ചേരിയിലും ശിഷ്യനായ എനിക്ക് കൂടെ പാടാനായത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. നാല്പത് വർഷക്കാലമാണ് അദ്ദേഹത്തോടൊപ്പം ഇന്ത്യയൊട്ടാകെ കച്ചേരികളിൽ കൂടെ ഞാൻ പാടിയത്. മറ്റാർക്കും കിട്ടാത്ത സൗഭാഗ്യമാണത്.
ശെമ്മാങ്കുടി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാഡമി പ്രിൻസിപ്പലായിരിക്കെ, അക്കാഡമിയുടെ ആദ്യത്തെ പ്രിൻസിപ്പൽ ഡോ. ഹരികേശനെല്ലൂർ മുത്തയ്യ ഭാഗവതരെ സഹായിക്കാനൊരു ദൗത്യം തിരുവിതാംകൂർ രാജകുടുംബം ഏല്പിക്കുകയുണ്ടായി. പുറത്തുവരാതിരുന്ന സ്വാതിതിരുനാൾ കൃതികൾ കണ്ടെത്തി ചിട്ടപ്പെടുത്തി പ്രചാരം നൽകുകയായിരുന്നു ദൗത്യം. സന്തോഷപൂർവമാണ് ശെമ്മാങ്കുടിസ്വാമി ആ ജോലിയേറ്റെടുത്തത്. പ്രായാധിക്യത്തെ തുടർന്ന് മുത്തയ്യ ഭാഗവതർ പിൻവാങ്ങിയശേഷവും നിരവധി സ്വാതിതിരുനാൾ കൃതികൾ ശെമ്മാങ്കുടി സ്വാമി ചിട്ടപ്പെടുത്തി പുസ്തകരൂപത്തിലാക്കി. ആദ്യം അത്തരമൊരു പുസ്തകം മുത്തയ്യ ഭാഗവതരും പ്രസിദ്ധീകരിച്ചിരുന്നു. താൻ ചിട്ടപ്പെടുത്തിയ കൃതികൾ ശെമ്മാങ്കുടി സ്വാമി അക്കാഡമി വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തും നവരാത്രിമണ്ഡപത്തിലെയടക്കം സ്വന്തം കച്ചേരികളിൽ പാടിയും സ്വാതി കൃതികൾക്ക് പ്രചുരപ്രചാരം നേടിക്കൊടുത്തു. സ്വാതി കൃതികളുടെ തുടർവോള്യങ്ങളും പ്രസിദ്ധീകരിച്ചു. സ്വാതിതിരുനാൾ കൃതികൾ പ്രചരിപ്പിക്കാൻ നടത്തിയ ഈ സേവനങ്ങളെ മുൻനിറുത്തി തിരുവിതാംകൂർ രാജകുടുംബം ശെമ്മാങ്കുടിസ്വാമിക്ക് രാജ്യസേവാ പുരസ്കാരം നൽകി ആദരിച്ചു.
സ്വാതിതിരുനാൾ കൃതികൾക്കും കേരളത്തിലെ കർണാടകസംഗീതത്തിന്റെ വളർച്ചയ്ക്കും ഡോ. മുത്തയ്യ ഭാഗവതരും ശെമ്മാങ്കുടി സ്വാമിയും ചെയ്ത സേവനങ്ങൾ കേരള ജനത എന്നും നന്ദിയോടെ സ്‌മരിക്കും. കേരളത്തിലും ഇന്ത്യയൊട്ടാകെയും കർണാടകസംഗീതപ്രചരണത്തിനും സ്വാതികൃതികളുടെ പ്രചാരത്തിനുമായി ചെയ്ത സേവനങ്ങൾക്ക് കേരളസർവകലാശാല 1979ൽ അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ഡോക്ടറേറ്റ് ദാനച്ചടങ്ങ് ഗവർണർ നിർവഹിച്ച ശേഷം നടത്തിയ ആശംസാപ്രസംഗത്തിൽ അന്ന് പറഞ്ഞത് 'ഭാവയാമി രഘുരാമം...' എന്ന രാമായണ രാഗമാലിക ഇത്ര മനോഹരമായി ചിട്ടപ്പെടുത്തിയതിന് മാത്രം അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകിയാൽ അതിൽ തെറ്റില്ലെന്നാണ്. സ്വാമിയുടെ പ്രധാന ശിഷ്യയും ഇന്ത്യയുടെ അഭിമാനവും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബലക്ഷ്മിയും സ്വാതിതിരുനാളിന്റെ ഭാവയാമി ലോകമാകെ പാടി പ്രശസ്തമാക്കി. കർണാടകസംഗീതത്തിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യർ നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് 1969ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകിയും 1990ൽ പത്മവിഭൂഷൺ നൽകിയും ആദരിക്കുകയുണ്ടായി. അദ്ദേഹം ചിട്ടപ്പെടുത്തിയ ത്യാഗരാജ കൃതികളും ത്യാഗരാജ പഞ്ചരത്ന കൃതികളും ദീക്ഷിതരുടെ നവഗ്രഹ കൃതികളും നവാവരണകൃതികളും ശ്യാമശാസ്ത്രി കൃതികളും പാപനാശം ശിവൻ, പെരിയസാമിത്തൂരൻ, അംബുജംകൃഷ്ണ, സുബ്രഹ്മണ്യഭാരതിയാർ, ഗോപാലകൃഷ്ണ ഭാരതിയാർ എന്നിവരുടെ കൃതികളും ജയദേവരുടെ അഷ്ടപദികളുമെല്ലാം പലപ്പോഴായി പ്രസിദ്ധീകൃതമായത് കർണാടക സംഗീതലോകത്തിന് വിലപ്പെട്ട മുത്തുകളായി തുടരുന്നു.
സ്വാമിയും ഞാനും തമ്മിലെ ഗുരുശിഷ്യ ബന്ധത്തിലെ വിശേഷാനുഭവങ്ങളും കച്ചേരിയുമായി ബന്ധപ്പെട്ട യാത്രാനുഭവങ്ങളുമെല്ലാം കോർത്തിണക്കി ഞാൻ രചിച്ച പുസ്തകത്തിന്റെ രചന അദ്ദേഹത്തിന്റെ ആശീർവാദത്തോടെ ആരംഭിച്ചതാണെങ്കിലും നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷമാണ് പൂർത്തിയാക്കാനായത്. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം ഇതേക്കുറിച്ച് കേട്ടറിഞ്ഞ് പുസ്തകത്തിന്റെ ഒരു പതിപ്പ് രാഷ്ട്രപതിഭവനിലേക്ക് വരുത്തുകയും അത് വായിച്ച് ചെന്നൈയിലെ ഒരു അനുസ്മരണച്ചടങ്ങിൽ അതേക്കുറിച്ച് പറയുകയുമുണ്ടായി. ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമോദാഹരണമാണ് ശെമ്മാങ്കുടിയും പാലാ സി.കെ. രാമചന്ദ്രനും തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ശെമ്മാങ്കുടി താമസിച്ചിരുന്ന ഔദ്യോഗികവസതി ഏറ്റെടുത്ത് ഭാരത് ഭവൻ ഉചിത സ്മാരകമൊരുക്കിയതും ഏറെ അഭിമാനത്തോടെയും നന്ദിയോടെയും ഓർക്കുന്നു.
(ലേഖകൻ ശെമ്മാങ്കുടിയുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമാണ്)