photo1
വനം വകുപ്പ് നൽകിയ ചെക്ക് ഭാർഗവി അമ്മയ്ക്ക് കൈമാറുന്നു

പാലോട്: മലയോരമേഖലയെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയിരുന്ന വന്യമൃഗശല്യത്തിനെതിരെ വനംവകുപ്പിന്റെ ശക്തമായ നടപടികൾ. വിഷയത്തിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്. കാട്ടാന, പന്നി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യത്താൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ പ്രഖ്യാപനം.

കേടുപാടുകൾ സംഭവിച്ച സൗരോർജ വേലികൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ മറ്റ് പ്രദേശങ്ങളിൽ പുതിയ വേലികൾ സ്ഥാപിക്കുമെന്നും ഫോറസ്റ്റ് പാലോട് റേഞ്ച് ഓഫീസർ അജിത്ത് കുമാർ അറിയിച്ചു. വനസംരക്ഷണ സമിതി ഇല്ലാത്ത ആദിവാസി മേഖലകളിൽ സമിതി രൂപീകരിച്ച് ഇവരുടെ സഹകരണത്തോടെ ആയിരിക്കും വേലി സ്ഥാപിക്കുക. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 68 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച സൗരോർജ്ജ വേലി നശിപ്പിക്കപ്പെട്ട ഭാഗങ്ങളിൽ പുനഃസ്ഥാപിക്കാനുള്ള നടപടികളും ഇതോടൊപ്പം നടത്തും.

നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട് പ്രാമല, ദ്രവ്യം വെട്ടിയമൂല, പുലിയൂർ, പാണ്ടിയൻപാറ എന്നിവിടങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കൊല്ല, ശാസ്താംനട ,ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കല കോൺ, കൊന്നമൂട് എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായി തുടരുന്നത്.

ഭാർഗവിഅമ്മയ്ക്ക് നീതിയായി

പെരിങ്ങമ്മല മുത്തിക്കാണി സെറ്റിൽമെന്റിൽ ഭാർഗവിഅമ്മയും കുടുംബവും മൂന്നുവർഷമായി അനുഭവിക്കുത്ത ദുരിതത്തിനും കേരളകൗമുദി വാർത്ത പരിഹാരമൊരുക്കി. ഇവരുടെ കിണറ്റിൽ ഉൾവനത്തിൽ നിന്നെത്തിയ കാട്ടുപോത്ത് വീണിരുന്നു. ഇതിനെ വനംവകുപ്പ് കരയ്ക്കെത്തിച്ചെങ്കിലും കിണർ പൂർണമായും നശിച്ചു. ഇത് പുർനിർമ്മിച്ച് നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. അപേക്ഷകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഇവരുടെ ദുരവസ്ഥ കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കിണർ നിർമ്മാണത്തിന് വനംവകുപ്പ് തുക അനുവദിച്ചത്. ആദിവാസി ക്ഷേമസമിതി ഭാരവാഹികളായ സുരേഷ്, എം.വി.ഷിജുമോൻ, സദാനന്ദൻ കാണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുരുകൻ, കാട്ടിലക്കുഴി അനിൽകുമാർ, ഷിബിൻ, എന്നിവർ വീട്ടിലെത്തി തുകയുടെ ചെക്ക് കൈമാറി.

ആശ്വാസം തേടുന്നത് ഇവിടത്തുകാർ

വട്ടപ്പൻകാട് പ്രാമല

ദ്രവ്യം വെട്ടിയമൂല

പുലിയൂർ

പാണ്ടിയൻപാറ

പുന്നമൺവയൽ

വെളിയങ്കാല

വേങ്കൊല്ല

ശാസ്താംനട

ഇടിഞ്ഞാർ

മങ്കയം

കോളച്ചൽ

മുത്തിക്കാണി

വെങ്കല കോൺ

കൊന്നമൂട്

"കാട്ടുമൃഗങ്ങൾ നശിപ്പിച്ച കൃഷിയിടങ്ങൾക്ക് ഉചിതമായ നഷ്ട പരിഹാരം ഉറപ്പാക്കും. വന്യമൃഗ ആക്രമണത്തെ തുടർന്ന് ചികിത്സയിലുള്ളവർക്ക് ആവശ്യമായ ധനസഹായത്തിനു വേണ്ട നടപടികളും സ്വീകരിക്കും"

അജിത് കുമാർ, പാലോട് റേഞ്ച് ഓഫീസർ