കിളിമാനൂർ:കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഇനി താരമാവുക ഇവന്റ് ഗ്രൂപ്പുകൾ. സ്ഥാനാർത്ഥികളുടെ പ്രചാരണം ഏറ്റെടുക്കാൻ തയ്യാറായി ചെറുതും വലുതുമായ പ്രൊഫഷണൽ ഇവന്റ് ഗ്രൂപ്പുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും സജീവമായി.

പഞ്ചായത്ത്‌ വാർഡ് മുതൽ കോർപറേഷൻ ഡിവിഷനിൽ വരെ സ്ഥാനാർത്ഥികൾക്ക് കൊവിഡ് കാലത്തെ പ്രചാരണങ്ങൾക്ക് ഇവരെ ആശ്രയിക്കേണ്ടി വന്നേക്കാം. നോട്ടീസ്,ഫ്ലെക്സ്,പോസ്റ്റർ,ചുവരെഴുത്ത്,ബാനർ,മൈക്ക് അനൗൺസ് അനൗൺസ്‌മെന്റ്,വാഹനങ്ങൾ തുടങ്ങി പ്രചാരണത്തിന്റെ പഴയ സങ്കൽപ്പങ്ങൾക്കൊപ്പം നവ മാദ്ധ്യമങ്ങളിലെ ക്രിയാത്മക ഇടപെടലും ഇത്തവണ അനിവാര്യമാണ്.ഇതെല്ലാം കൂടി നിശ്ചിത തുകയ്ക്ക് ചെയ്തു നൽകാമെന്നാണ് പല പ്രൊഫഷണൽ ഗ്രൂപ്പുകളുടെയും പ്രചാരണം.

വെബ്സൈറ്റുകൾ,സോഷ്യൽ മീഡിയകൾ എന്നിവിടങ്ങളിലൂടെ തങ്ങൾ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് ഇവന്റ് ഗ്രൂപ്പുകൾ പരസ്യം നൽകുന്നുണ്ട്. കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകളുടെ പ്രചാരണങ്ങളിൽ ഇടപെട്ട ഇവന്റ് ഗ്രൂപ്പുകളെ ഇത്തവണ ആദ്യം തന്നെ അങ്ങോട്ട്‌ ബന്ധപ്പെട്ടവരുമുണ്ട്.ആരും വായിച്ചു പോകുന്ന കിടിലൻ നോട്ടീസും പോസ്റ്ററുമൊക്കെ അച്ചടിച്ചു ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തിച്ചു നൽകും. അതുമായി വീട് കയറേണ്ട ജോലി മാത്രമേ പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കുമുള്ളൂ.വേണമെങ്കിൽ വീട് കയറി വോട്ട് അഭ്യർത്ഥിക്കാനും ഇവന്റ് ഗ്രൂപ്പുകൾ ആളെ തരും.

ചിഹ്നം പതിച്ച മാസ്കുകൾ

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം ആകും മുൻപേ വിപണിയിൽ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്കുകൾ ട്രെൻഡായി. വൻകിട നിർമ്മാതാക്കൾ സാമ്പിളുകളുടെ ചിത്രങ്ങൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും പങ്കുവച്ചതോടെ ആവശ്യക്കാർ ബുക്കിംഗ് തുടങ്ങി. ചുറ്റിക അരിവാൾ നക്ഷത്രം,അരിവാൾ ധാന്യക്കതിർ,കൈപ്പത്തി,താമര,ഏണി, മൺവെട്ടി,മൺകോരി തുടങ്ങി വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച മാസ്കുകളാണ് ഇനി പ്രചാരണത്തിൽ നിറയുക.മുൻപ് തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച തൊപ്പി,ബാഡ്ജ് എന്നിവയൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.ഇനി മുഖത്തേക്ക് നോക്കിയാൽ ആദ്യം കാണുക തിരഞ്ഞെടുപ്പ് ചിഹ്നം ആയിരിക്കും.