kaduva
വയനാട് നിന്നും പിടികൂടിയ കടുവയെ നെയ്യാർ ലയൺ സഫാരിപാക്കിൽ എത്തിച്ചപ്പോൾ

കാട്ടാക്കട: വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ച പെൺകടുവയ്ക്ക് നെയ്യാർ സഫാരി പാർക്കിൽ ഇനി സുഖചികിത്സ. വയനാട് ചീയമ്പടത്ത് ഭീതിപടർത്തിയ കടുവയെ വനംവകുപ്പ് കെണിവച്ച് പിടികൂടിയ ശേഷം വ്യാഴാഴ്ചയാണ് നെയ്യാർഡാമിൽ എത്തിച്ചത്. സിംഹങ്ങൾക്ക് പുറമേ കടുവ, പുലി എന്നിവയെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിലവിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് കടുവയെ പാർപ്പിച്ചിരിക്കുന്നത്.

ഇതോടെ സഫാരി പാർക്കിൽ കടുവകളുടെ എണ്ണം രണ്ടായി. 2019 ജനുവരിയിൽ വയനാട് ബത്തേരിയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലായ പത്തുവയസുള്ള പെൺകടുവയും ഇപ്പോൾ ഡാമിലുണ്ട്. ഇരുളം ഡെപ്യൂട്ടി റേഞ്ചർ ആനന്ദ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഖിൽ സൂര്യദാസ്, ജോസ്‌ ആന്റണി, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ശ്യാം, മിനി, ഷിജു, സിബി, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി. സന്ദീപ്കുമാർ, എസ്.എഫ്.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൂട്ടിലാക്കിയത്. സുഖചികിത്സ കഴിഞ്ഞ് വയനാട് ആരംഭിക്കുന്ന പുതിയ കടുവാസങ്കേതത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

കെണിയിലായത് 25ന്

രണ്ടുമാസത്തോളം ചീയമ്പം പ്രദേശത്ത് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇക്കഴിഞ്ഞ 25നാണ് വനപാലകരുടെ കെണിയിലായത്. കോളനി പരിസരത്ത് വളർത്തുനായയെ പിടിക്കാൻ ശ്രമിച്ച കടുവയെ പ്രദേശവാസികൾ പാട്ടകൊട്ടി തുരത്തിയാണ് ആനപ്പന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കയറ്റിയത്.
ചീയമ്പം പ്രദേശത്ത് നിന്ന് 4 വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. തുടർന്ന് ഡോ. അരുൺ സഖറിയയും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.വി. ആനന്ദും നേതൃത്വം നൽകിയ സംഘമാണ് കടുവയെ നെയ്യാറിലെത്തിച്ചത്.