
വിമർശനങ്ങളിൽ അസഹിഷ്ണുക്കളാകുന്ന അധികാര കേന്ദ്രങ്ങൾ വിമർശകരുടെ നാവടപ്പിക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ പോലും തേടുന്നത് അപൂർവമല്ല. മുമ്പ് മാദ്ധ്യമങ്ങളാണ് ഇതിന് സ്ഥിരമായി ഇരയായിരുന്നത്. സാമൂഹിക മാദ്ധ്യമങ്ങളുടെ കടന്നുവരവോടെ അത് അവയ്ക്കു നേരെയുമായി. എന്തിനുമേതിനെക്കുറിച്ചും തനിക്കു തോന്നുന്നതൊക്കെ വിളിച്ചുപറയാൻ ഒരു പൗരന് ഇന്ന് കൂട്ടിന് സമൂഹമാദ്ധ്യമമുണ്ട്. ആരെയും ഭയക്കാതെ അഭിപ്രായം പ്രകടിപ്പിക്കാൻ കൈവശമുള്ള ഫോൺ മാത്രം മതി. തനിക്കു ചുറ്റും നടക്കുന്ന എന്തും പകർത്താനും അവ സമൂഹമാദ്ധ്യമങ്ങൾ വഴി മറ്റുള്ളവരെ അറിയിക്കാനും മറ്റാരുടെയും സഹായം വേണ്ട. സമൂഹമാദ്ധ്യമങ്ങൾ പലപ്പോഴും അതിരുകൾ ലംഘിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പരാതികളും ഉയരാറുണ്ട്. ഇത്തരം പരാതികൾക്കിടയിലും അവ ഇന്ന് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യമായിക്കഴിഞ്ഞു. സമൂഹത്തിലും ഭരണതലങ്ങളിലും നടക്കുന്ന പല തിന്മകളും വെളിച്ചത്തുകൊണ്ടുവരുന്നതിൽ സമൂഹമാദ്ധ്യമങ്ങൾ സ്തുത്യർഹമായ പങ്കുവഹിക്കുന്നുമുണ്ട്.
സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ നടപടി നേരിടേണ്ടിവന്ന ഒരു യുവതിയുടെ സഹായത്തിന് സുപ്രീംകോടതി തന്നെ ഇടപെടേണ്ടിവന്ന സംഭവം അഭിപ്രായപ്രകടനത്തിന് സമൂഹമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് ലഭിച്ചിരിക്കുന്ന വലിയ ആശ്വാസം തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥയിൽ പരമപവിത്രമാകയാൽ അതിനു ഊനം തട്ടുന്ന ഒരു നടപടിയും അംഗീകരിക്കാ നാകില്ലെന്നാണ് പരമോന്നത കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. കൊൽക്കത്താ നഗരത്തിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ പ്രാബല്യത്തിലിരിക്കെ വൻ ജനക്കൂട്ടം തെരുവിലിറങ്ങിയതിൽ ബംഗാൾ സർക്കാരിനെ വിമർശിച്ചുകൊണ്ട് ഡൽഹിക്കാരിയായ റോഷ്‌നി ബിശ്വാസ് എന്ന യുവതി ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരുന്നു. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട ബംഗാൾ സർക്കാർ കണ്ണടച്ചതുകൊണ്ട് ഒരു നിയന്ത്രണവുമില്ലാതെ ഇത്തരത്തിൽ ജനക്കൂട്ടം തെരുവിൽ കൂട്ടംകൂടുന്നതെന്നായിരുന്നു വിമർശനം. ബംഗാളിൽ മാത്രമല്ല രാജ്യത്തെവിടെയും ഇതുപോലുള്ള നിയമലംഘനങ്ങൾ നടക്കുമ്പോൾ അവയ്ക്കെതിരെ പൗരബോധമുള്ള പലരും സർക്കാർ നിഷ‌്‌ക്രിയത്വത്തെ വിമർശിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നത് പതിവാണ്. അത് വലിയ പാപമായോ ശിക്ഷാ നടപടി ക്ഷണിച്ചു വരുത്തുന്ന കൊടും കുറ്റകൃത്യമായോ ആരും കാണാറില്ല. ഭരണാധികാരികളും അതൊക്കെ അവഗണിക്കുകയാണു പതിവ്. എന്നാൽ കൊൽക്കത്ത നഗരത്തിലെ രാജാബസാറിലെ ആൾക്കൂട്ടം ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാരിനെ വിമർശിച്ചതിന് റോഷ്‌നി ബിശ്വാസിനെതിെരെ പൊലീസ് കേസെടുക്കുകയാണുണ്ടായത്. രാജാ ബസാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകി. ഇതിനെതിരെ യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസിനു മുമ്പാകെ ഹാജരാകാനായിരുന്നു ഉത്തരവ്. അഭിപ്രായപ്രകടനത്തിന്റെ പേരിൽ ക്രിമിനൽ കേസിൽ പൊലീസിനു മുമ്പിൽ ഹാജരാകേണ്ടിവരുന്നതിലെ നീതിനിഷേധം ചൂണ്ടിക്കാട്ടി യുവതി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ഹർജി നിരാകരിച്ച കൽക്കട്ട ഹൈക്കോടതി ഉത്തരവിനെയും അവർ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം യുവതിയുടെ ഹർജിയിൽ വാദം കേട്ട ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഇന്ദിരാ ബാനർജിയും ഉൾപ്പെട്ട ബെഞ്ച് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഒരു പൗരനെ ഇതുപോലെ പീഡിപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കേവലം ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഡൽഹിയിൽ വസിക്കുന്ന ഒരു യുവതി കൊൽക്കത്ത വരെ സഞ്ചരിച്ച് പൊലീസിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെടുന്നത് ഉചിതമോ ന്യായമോ അല്ലെന്നാണ് പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. പൊലീസിന്റെ സമൻസും ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ബെഞ്ച് റദ്ദാക്കുകയും ചെയ്തു. വേണമെങ്കിൽ ഇ - മെയിൽ വഴി ചോദ്യങ്ങൾ ഉന്നയിച്ച് വീഡിയോകോൺഫറൻസ് വഴി ഉത്തരങ്ങൾ തേടാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു.
സമൂഹമാദ്ധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ഇതുപോലെ കേസെടുക്കാൻ തുടങ്ങിയാൽ പൊലീസിന് എവിടെയും ആരെയും വേട്ടയാടാനേ നേരമുണ്ടാകൂ. സൂക്ഷ്മമായി പരിശോധിച്ചാൽ സർക്കാരിനും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത വിമർശനങ്ങളും പരിഹാസവുമൊക്കെ അടങ്ങുന്നതായിരിക്കും ഒട്ടുമിക്ക പോസ്റ്റുകളും. അതൊക്കെ പിന്തുടർന്നു കേസെടുക്കാൻ തുടങ്ങിയാൽ പുതുതായി കോടതികളും ജയിലുകളുമൊക്കെ അനേകം തുറക്കേണ്ടിവരും. പൗരജനങ്ങൾ രാജാവിനു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന പഴയ കാലമല്ല ഇതെന്ന് ഏവരും ഓർക്കണം. സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ വച്ചുകൊണ്ട് പൗരന്മാർക്കെതിരെ കേസെടുക്കുന്ന പ്രവണത രാജ്യമെങ്ങും വർദ്ധിച്ചുവരികയാണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചതിൽ നിന്നു തന്നെ സംഗതി എത്രമാത്രം അപകടകരമായ നിലയിൽ വളർന്നിരിക്കുന്നുവെന്ന് മനസിലാക്കാം. ഇത്തരത്തിലാണ് പോകുന്നതെങ്കിൽ രാജ്യത്തിന്റെ ഏതു കോണിലുള്ളവരെയും ഏതു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചുവരുത്താവുന്നതേയുള്ളൂ. കുറ്റം ചാർത്താവുന്ന ഉള്ളടക്കം ഏതു പോസ്റ്റിലും കടഞ്ഞെടുക്കാൻ പൊലീസിന് ഒരു വിഷമവും നേരിടുകയില്ല. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വില കല്പിക്കുന്ന ഒരു രാജ്യത്തിനും ഇതുപോലുള്ള പൊലീസ് നടപടികൾ ആർക്കും അംഗീകരിക്കാനാവില്ല. പൗരന്മാർക്ക് ഭരണഘടന ഉറപ്പുചെയ്തിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്തു വിലകൊടുത്തും സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന പരമോന്നത കോടതിയുടെ പ്രഖ്യാപനം വിലപ്പെട്ട സമ്മാനമായി മാറുന്നതും അതുകൊണ്ടാണ്.
വിമർശനങ്ങളാൽ മുറിവേൽക്കുന്ന സന്ദർഭങ്ങളിൽ സർക്കാരുകൾ ആദ്യം തിരിയുന്നത് മാദ്ധ്യമങ്ങൾക്കെതിരെയാകും. എന്നാൽ മാദ്ധ്യമങ്ങളുടെ വായടപ്പിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അത്തരം ശ്രമങ്ങൾ എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നു മാത്രമല്ല അതു തിരിഞ്ഞുകൊത്താറുമുണ്ട്. ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ ഇവിടെയും പുതിയ നിയമവുമായി സർക്കാർ രംഗത്തുവന്നിരുന്നു. അതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധം കാണാതിരുന്നുകൂടാ. സർക്കാരിനെതിരെ ഇപ്പോൾ ഉരുണ്ടുകൂടുന്ന പ്രതികൂല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ഏറെ ഉച്ചത്തിൽവാദിക്കുന്നവർ തന്നെ ഇത്തരത്തിലുള്ള സമരമുറകൾ സ്വീകരിക്കുന്നത് ഒട്ടും ഉചിതമല്ല.