surendran

തിരുവനന്തപുരം: സ്വപ്നയും സന്ദീപുമടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാനാണ് വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്ന ഒളിവിലായിരുന്നപ്പോൾ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോൾ കുറച്ച് ദിവസമായി അവർക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലൻസിനെക്കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കറിനാണെന്നത് ക്രമക്കേടിലെ സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു.യു.എ.ഇ കോൺസുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങനെയെങ്കിൽ കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ശിവശങ്കറിന് ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കരന് ലഭിച്ച ഫോൺ. യൂണിടാക്ക് ഉടമ നൽകിയ ഐഫോണുകൾ മറ്റൊന്ന് ആരുടെ പക്കലാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി ഓഫീസിൽ നിന്ന് സ്വർണക്കടത്തിനായി കസ്റ്റംസിനെ വിളിച്ചെന്ന് ആരോപണത്തിന് വസ്തുതാപരമായ തെളിവ് പുറത്തു വന്നിട്ടും മുഖ്യമന്ത്രി പഴയ കള്ളം ആവർത്തിക്കുന്നു.

സി.പി.എം കേന്ദ്രനേതൃത്വം അപഹാസ്യരാവുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കോടിയേരിയുമാണോയെന്ന് അദ്ദേഹം ചോദിച്ചു. 15 വർഷങ്ങൾക്ക് മുമ്പ് തന്നെ ബിനീഷിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവരാറുണ്ടായിരുന്നു. പാർട്ടി നേതാക്കളുടെ മക്കൾ വഴിവിട്ട മാർഗത്തിൽ സഞ്ചരിക്കുമ്പോൾ ഇത്രയും തുക മുടക്കി പ്ലീനം നടത്തിയത് എന്തിനാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കണം.