
കാസർകോട്: ജീവനക്കാരുടെ പ്രശ്‌നവും സ്ഥലവും ഒന്നും തടസമാകില്ല, അനുമതി നൽകിയാൽ മതി നമ്മൾ ആരംഭിച്ചോളാം എന്ന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചപകേശൻ ആവശ്യം മുന്നോട്ടുവെച്ചപ്പോൾ അനുമതി നൽകാൻ സർക്കാരിന് മുന്നിൽ മറ്റ് കടമ്പകളൊന്നും ഉണ്ടായിരുന്നില്ല. കാസർകോടിന് സ്വന്തമായി വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണൽ കോടതി (എം.എ.സി.ടി) അനുവദിച്ചു തരണമെന്ന കാൽ നൂറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് ഇതോടെ സഫലമായത്. അതോടൊപ്പം പോക്‌സോ കേസുകൾ എളുപ്പം തീർക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയും ജില്ലക്ക് ലഭിച്ചു.
എം.എ.സി.ടി കോടതി ഇല്ലാത്ത ഏക ജില്ലയായിരുന്നു കാസർകോട്. മറ്റുജില്ലകളിൽ ഒന്നിലധികം എം.എ.സി.ടി. കോടതികൾ ഉള്ളപ്പോഴാണിത്. വാഹനാപകടങ്ങളിലെ ഇരകൾക്ക് കേസുകൾ തീർപ്പായി നഷ്ടപരിഹാരം കിട്ടുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അപകടം സംഭവിച്ചു ആറു മാസത്തിനുള്ളിലെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ പ്രയോജനം ലഭിക്കില്ലെന്നാണ് പഞ്ചപകേശന്റെ അഭിപ്രായം. ഈ സംവിധാനത്തിനായി അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു.
നിലവിൽ കുറെ കാലങ്ങളായി ജില്ലാ ജഡ്ജിയാണ് എം.എ.സി.ടി കേസുകൾ പരിഗണിക്കുന്നത്. മറ്റു കേസുകൾക്ക് ഇടയിൽ കുരുങ്ങുന്നതോടെ വാഹനാപകട കേസുകളും തീർപ്പാക്കുന്നത് നീളും. 2000 എം.എ.സി.ടി കേസുകൾ ഇപ്പോൾ തീർപ്പാക്കാൻ ബാക്കിയുണ്ട്.
320 പോക്‌സോ കേസുകളാണ് ജില്ലയിൽ കോടതി പരിഗണിക്കുന്നത്. ഇതിൽ 120 കേസുകൾ പുതിയതാണ്. 2009 മുതൽ എം.എ.സി.ടി കോടതി സ്ഥാപിക്കുന്നതിൽ മുൻഗണനാ പട്ടികയിൽ ആയിരുന്നു കാസർകോട്. അതിനിടെ കാസർകോട് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ആ ഹർജി തീർപ്പാക്കി ഹൈക്കോടതി എം.എ.സി.ടി കോടതി കാസർകോട് സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി.
കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ നിയമനവും തടസമായി. എന്നാൽ ജീവനക്കാരെ വർക്കിംഗ് അറേഞ്ച്‌മെന്റിലൂടെ കണ്ടെത്തിക്കൊള്ളാമെന്നും സ്ഥല സൗകര്യം കോടതിക്കുള്ളിൽ തന്നെ ഒരുക്കാമെന്നും അനുമതി നൽകണമെന്നും ജില്ല ജഡ്ജി സർക്കാരിന് മുമ്പിൽ ഉന്നയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നിലവിലുള്ള ഏഴ് ജീവനക്കാരെ എം.എ.സി.ടിയിലേക്ക് മാറ്റി കോടതി ആരംഭിക്കാൻ ധാരണയുണ്ടായത്. അഡീഷണൽ ജില്ലാ കോടതി ( ഒന്ന് ) ജഡ്ജ് ആർ.എൽ ബൈജു എം.എ.സി.ടിയിലും ഹൊസ്ദുർഗ് പോക്‌സോ കോടതിയിൽ അഡീഷണൽ (രണ്ട് ) ജില്ലാ കോടതി ജഡ്ജ് രാജൻ തട്ടിലും സ്ഥിരം ജഡ്ജിമാരുടെ നിയമനം നടക്കുന്നത് വരെ ആഴ്ചയിൽ രണ്ടുദിവസം സേവനം അനുഷ്ഠിക്കും.
സർക്കാരിന്റെ ഭാഗത്ത് നിന്നും നല്ല പരിഗണന കിട്ടി. മനോഹരമായ കോടതി കോംപ്ലക്‌സുള്ളത് ഇവിടെയാണ്. ജീവനക്കാരുടെ പുനർവിന്യാസം നടത്തി നമ്മൾ കോടതികൾ ആരംഭിക്കും.
എസ്.എച്ച്. പഞ്ചപകേശൻ
( കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി )