
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് പുതുക്കിപ്പണിയുന്നു. ഇതിന് 27,73,000 രൂപ അനുവദിച്ചു. മന്ത്രിമാരുടെ വാഹനങ്ങൾ വരികയും പോവുകയും ചെയ്യുന്നത് ഒന്നാം നമ്പർ ഗേറ്റായ ഇതുവഴിയാണ്. കനത്ത സുരക്ഷയൊരുക്കന്ന ഈ ഗേറ്റിൽ പലപ്പോഴും ട്രാഫിക് തടസവും നേരിടാറുണ്ട്. അതിന് പരിഹാരം കാണാൻ വലിയ ഗേറ്റാണ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗം, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ എന്നിവരുമായി ആലോചിച്ചാണ് ഗേറ്റ് മാറ്റാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ടാണ് ഗേറ്റ് രൂപ കല്പന ചെയ്യുന്നത്. പൈതൃക മന്ദിരമായ സെക്രട്ടേറിയറ്റിന് അനുയോജ്യമായ തരത്തിലാവും രൂപകല്പന.
നീക്കം ചെയ്യുന്ന ഗേറ്റും തൂണുകളും പൈതൃക മൂല്യമുള്ളതിനാൽ കേട് കൂടാതെ സംരക്ഷിക്കും. സമരഗേറ്റ് അടക്കം മറ്റു മൂന്ന് ഗേറ്റുകളും പഴയതുപാേലെ നിലനിറുത്തും. കന്റോൺമെന്റ് ഗേറ്റിന്റെ പഴക്കമുണ്ട് ഇവയ്ക്കും.