
തിരുവനന്തപുരം: കള്ളപ്പണക്കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാവുകയും, മയക്കുമരുന്ന് പണമിടപാട് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും ചെയ്തതോടെ, കൂടുതൽ ദുർഗന്ധം ഭരണത്തിനോ പാർട്ടിക്കോ എന്നതിൽ മാത്രമാണ് സംശയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജിക്ക് പകരം പ്രത്യേകതരം ക്യാപ്സ്യൂൾ അവതരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശ്രമിച്ചത്. സർക്കാരിന്റെയും സി.പി.എമ്മിന്റെയും സമ്പൂർണ്ണ തകർച്ചയാണ് ജനം കാണുന്നത്. പിണറായി ഭരണത്തിൽ പാർട്ടി ശരശയ്യയിലായി.ഒരുദ്യോഗസ്ഥന്റെ തലയിലെല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇ.ഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. സ്പ്രിൻക്ലർ, ബെവ്കോ, പമ്പ മണൽകടത്ത്, ഇ-മൊബിലിറ്റി, ലൈഫ് മിഷൻ അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെെ ശിവശങ്കർ നടത്തിയതാണ്. അതിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്.
ശിവശങ്കറിനെ ചാരി യുദ്ധം വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ശിവശങ്കറിനെ മുൻനിറുത്തി നടത്തിയ അഴിമതിയും തീവെട്ടിക്കൊള്ളയും കണ്ടില്ലെന്ന് നടിക്കാനാകുമോ?. മുഖ്യമന്ത്രിയെ മുൻനിറുത്തി കൂടുതൽ ശക്തിയായി പ്രതിപക്ഷം യുദ്ധം മുന്നോട്ട് കൊണ്ടുപോകും.എല്ലാം മനസ്സാക്ഷിയുടെ കോടതിയിൽ പ്രതിഷ്ഠിക്കാൻ യു.ഡി.എഫ് ശ്രമിച്ചെന്ന് പറയുന്നവർ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ പഴുതുകൾ തേടുകയാണ്.
ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരുകളെ അട്ടിമറിക്കുന്നുവെന്നത് സത്യമാണ്. പക്ഷേ കേരളത്തിൽ കേന്ദ്ര ഏജൻസികളെ ക്ഷണിച്ചുകൊണ്ടുവന്നതാരാണ്? അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി ഗുഡ് സർട്ടിഫിക്കറ്റാണ് നൽകുന്നതും. സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിൽ പരാതിക്കാരനായ ആക്‌ഷൻ കൗൺസിൽ ചെയർമാനെ സി.ബി.ഐ അകത്താക്കിയത് പോലെ, ഇവിടെയും അന്വേഷണമാവശ്യപ്പെട്ട വ്യക്തി എപ്പോൾ അകത്താകുമെന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്.
വാളയാറിൽ നിന്നുയരുന്ന അമ്മയുടെ നീതിനിഷേധത്തിന്റെ കാറ്റിൽ സർക്കാർ ഒലിച്ചുപോകും. കാടും മരവും കാട്ടിൽ കയറി മരം വെട്ടുന്ന കള്ളന്മാരെയും താൻ കാണുന്നുണ്ട്. മയക്കുമരുന്ന് വിൽക്കുന്ന ശക്തികളുടെ പിന്നിൽ പാർട്ടി സെക്രട്ടറിയുടെ മകനാണെന്നത് പാർട്ടിയുടെ ജീർണത വ്യക്തമാക്കുന്നു. കോടിയേരി ആ സ്ഥാനത്തിനി ഇരിക്കുന്നത് രക്തസാക്ഷികളോടുള്ള അനീതിയാവും. യുണിടാക് ഉടമ സമ്മാനിച്ച ഐഫോൺ തനിക്ക് നൽകിയെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ മാനനഷ്ടക്കേസ് നൽകും. അതിലെ ഏറ്റവും വിലപിടിപ്പുള്ള ഐഫോൺ ആർക്കാണ് കിട്ടിയതെന്ന് ഇനിയുമറിയാനിരിക്കുന്നതേയുള്ളൂ. സ്വർണ്ണക്കടത്ത് കേസിൽ പങ്കുള്ള കൂടുതൽ പേർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്- ചെന്നിത്തല പറഞ്ഞു.