
തിരുവനന്തപുരം: സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗക്കാരും മുന്നാക്ക വിഭാഗക്കാരും ചൂണ്ടിക്കാട്ടിയ ആശങ്കകളും അപാകതകളും സർക്കാർ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കൈക്കൊണ്ട നിലപാട് ഇതായതിനാലാണ്. പിന്നാക്ക വിഭാഗക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണാനുകൂല്യത്തിൽ ഒരു കുറവും പാടില്ലെന്നതിൽ പാർട്ടിക്ക് നിർബന്ധമുണ്ട്. മുസ്ലിംലീഗിന് വ്യത്യസ്താഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണ്. ഓരോ പാർട്ടിക്കും അവരവരുടേതായ അഭിപ്രായമുണ്ടാകും. പാർലമെന്റിൽ ഇതുസംബന്ധിച്ച ബില്ലിനെതിരെ വോട്ട് ചെയ്തവരാണ് മുസ്ലിംലീഗ്.  മുഖ്യമന്ത്രി മുസ്ലിംലീഗിനെ വിമർശിക്കുന്നതിന് പകരം അവരുന്നയിച്ച ആശങ്കകളിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച് പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.