markket

വക്കം: ചരിത്രപ്രസിദ്ധമായ മാർക്കറ്റ് ഇന്ന് അസൗകര്യങ്ങളുടെ നടുവിൽ. വക്കം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നിലയ്ക്കാമുക്കിൽ പ്രവർത്തിക്കുന്ന ചന്തയ്ക്കാണീ ദുഃസ്ഥിതി. ബ്രിട്ടീഷ് കാലത്ത് മേഖലയിലെ മലചരക്കിന്റെയും, കായൽ- കടൽ മത്സ്യങ്ങളുടെയും പ്രധാന വിപണന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു നിലയ്ക്കാമുക്ക് മാർക്കറ്റ്. അന്നത്തെ ലയങ്ങളാണ് ഇപ്പോഴുമുള്ളത്. കെട്ടിടങ്ങൾ ഇല്ല.

മാർക്കറ്റിലെത്തുന്നവർക്കും, കച്ചവടക്കാർക്കും യാതൊരു അടിസ്ഥാന സൗകര്യവും ഇനിയും ഇവിടെ ഒരുക്കിയിട്ടില്ല. വക്കം ഗ്രാമ പഞ്ചായത്തിന് വർഷം തോറും ലക്ഷങ്ങൾ വരുമാനമുള്ള മാർക്കറ്റാണിത്.

മാർക്കറ്റിലെത്തുന്നവർക്ക് മഴയും, വെയിലും ഒരു പോലെയാണ്. കയറി നിൽക്കാൻ ഒരിടമില്ല. വലിച്ചുകെട്ടിയ ടാർപോളിന് കീഴിൽ കച്ചവടക്കാരും, വാങ്ങാനെത്തിയവരും വിൽക്കാനുള്ള സാധനങ്ങളും വെന്തുരുകുകയാണ്.

പ്രധാന റോഡരുകിൽ അര ഏക്കറോളം വിസ്തൃതമായ സ്ഥലത്താണീ ചന്ത പ്രവർത്തിക്കുന്നത്.

മാർക്കറ്റിലെ ദുരിതങ്ങൾ കണ്ട് മടുത്ത കച്ചവടക്കാർ അടുത്തിടെ മത്സ്യ മടക്കമുള്ള സാധനങ്ങളുമായി പൊതു നിരത്ത് കൈയേറി കച്ചവടം നടത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ നിലയ്ക്കാമുക്ക് മാർക്കറ്റ് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണു ജി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഒന്നര കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്.ഒന്നാം ഘട്ടത്തിൽ മാർക്കറ്റ് നവീകരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നത്.ഇതിനായി ഗ്രാമ പഞ്ചായത്ത് കമ്മിറ്റി അണ്ടർ ടേക്കിംഗിന് ഇതിനകംം തന്നെ അനുമതി നൽകിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് കോസ്റ്റൽ ഡെവലപ്മെന്റ് കോർപറേഷൻ ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം നിലയ്ക്കാമുക്ക് മാർക്കറ്റിൽ പരിശോധനയും നടത്തിയെങ്കിലും പിന്നെ യാതൊന്നും ഉണ്ടായില്ല.