
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പാർട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണെന്ന് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താലേഖകരോട് സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു. അസാമാന്യ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്.സി.പി.എം കേന്ദ്രകമ്മിറ്റിയുടെ 2009ലെ തെറ്റുതിരുത്തൽ രേഖയ്ക്കും 2015 പ്ലീനത്തിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച പ്രമേയത്തിനും കടകവിരുദ്ധമായ കാര്യങ്ങളാണ് പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായത്. എന്നിട്ടും സി.പി.എം ദേശീയ, സംസ്ഥാന നേതാക്കൾ പ്രതികരിക്കാൻ തയ്യാറാകാത്തത് വഞ്ചനാപരമാണ്. ഒരു വ്യാഴവട്ടക്കാലമായി എം.ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാം. ഇരുവരെയും കൂട്ടിയിണക്കിയ പാലമായി പ്രവർത്തിച്ചിരുന്നത് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ്. സി.എം. രവീന്ദ്രനാണ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ ശിവശങ്കറിനെ ടൂറിസം ഡയറക്ടറാക്കിയത്. പിന്നീട് ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ രവീന്ദ്രൻ അവിടെ സ്ഥിരം സന്ദർശകനായിരുന്നു. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ബോർഡിൽ നിന്ന് നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും അന്വേഷിക്കണം.