df

വർക്കല: വർക്കല നഗരസഭയിലെ ചെറുകുന്നം- മാടൻനട റോഡ് തകർന്നു തരിപ്പണമായിട്ടും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭ അധികൃതർക്ക് കഴിയുന്നില്ല. റോഡ് തകർന്നതോടെ നാട്ടുകാരുടെ യാത്രാ ദുരിതവും വർദ്ധിച്ചിട്ടുണ്ട്. പ്രദേശത്ത് 1500 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന റോഡാണ് കുണ്ടും കുഴിയുമായി കഴിഞ്ഞ അഞ്ച് വർഷത്തോളമായി തൽസ്ഥിതിയിൽ തുടരുന്നത്. നിരവധി തവണ നാട്ടുകാരും വിവിധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പരാതികൾ നഗരസഭ അധികൃതർക്കും ബന്ധപ്പെട്ട വാർഡ് കൗൺസിലർക്കും നൽകിയെങ്കിലും ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും സവാരി പോകാൻ തയ്യാറാവുന്നില്ല. റോഡ് തകർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരും, കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നതും ഇവിടെ പതിവാണ്. അപകടത്തിൽ പെട്ടവരിൽ പലരും ഇപ്പോഴും ചികിത്സയിലുമാണ്. തിരഞ്ഞെടുപ്പുകാലത്ത് റോഡ് നവീകരണത്തിന്റെ പേരിൽ വോട്ട് ചോദിച്ചു എത്തുന്ന കക്ഷിരാഷ്ട്രീയ സ്ഥാനാർത്ഥികളെ ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.