kaanam-rajendran-cpi

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം കാനം മാദ്ധ്യമങ്ങളോട് ആവർത്തിച്ചു.ബിനീഷ് കോടിയേരി സർക്കാരിന്റെ ഭാഗമല്ല. സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ല. കേന്ദ്ര ഏജൻസികൾ ബിനീഷിനെ വേട്ടയാടുകയാണ്. ബിനീഷിന്റെ കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് ആ പാർട്ടിയിലുള്ളയാളല്ല. അതുകൊണ്ടുതന്നെ സി.പി.എമ്മിനോ സർക്കാരിനോ ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ശിവശങ്കറിന്റെ അറസ്റ്റും സർക്കാരിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.