
നാഗർകോവിൽ: മലയാള മണ്ണിൽ നിന്ന് കന്യാകുമാരിയെ തമിഴ്നാട്ടിലേക്ക് അടർത്തി മാറ്റിയിട്ട് ഈ കേരളപ്പിറവി ദിവസം 64 വർഷം. തിരുവിതാകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയെ 1956 നവംബർ ഒന്നിനാണ് തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ രൂപീകരിച്ച് പുതിയ ജില്ലയാക്കിയത്. തുടർന്ന് തമിഴ്നാടിനോട് ലയിച്ചു. 1956ൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർണയിച്ചപ്പോഴാണ് കന്യാകുമാരിയെ തമിഴ്നാടിനോട് ചേർത്തത്.
മാറ്റമില്ലാതെ ആ പ്രസംഗം
'കേരളത്തിൽ നിന്നാണ് നിങ്ങൾ വന്നിരിക്കുന്നത്. വിദ്യാഭ്യാസമായും സാമ്പത്തികമായും വളർച്ച പ്രഖ്യാപിച്ചവരാണ് നിങ്ങൾ. എന്നാൽ ആരുവാമൊഴിക്ക് കിഴക്കുള്ളവർ ഈ നിലയ്‌ക്ക് എത്തണമെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. അതുവരെ നിങ്ങൾക്കായി ഒന്നും ചെയ്യാൻ ഞങ്ങൾക്കാകില്ല". 1956 നവംബർ ഒന്നിന് നാഗർകോവിലിൽ കന്യാകുമാരി ജില്ല തമിഴ്നാടിനോട് ചേരുന്ന ചടങ്ങിൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജിന്റെ പ്രസംഗമാണിത്. ആ പ്രസംഗം കഴിഞ്ഞ് 64 വർഷം പിന്നിടുമ്പോഴും കന്യാകുമാരിയിൽ പറയത്തക്ക മാറ്റമൊന്നുമുണ്ടായില്ല. ജില്ലയിൽ റബർ കൃഷി വ്യാപിപ്പിച്ച് ഒരും വിഭാഗം ജനങ്ങൾ സാമ്പത്തികമായി വളർന്നെങ്കിലും മറ്റ് മേഖലകളെല്ലാം അവഗണിക്കപ്പെട്ടു.
ചരിത്രം
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ് കന്യാകുമാരിക്ക് ആ പേര് കിട്ടിയത്. നൂറ്റാണ്ടുകളായി ആദ്ധ്യാത്മിക - കലാ കേന്ദ്രമാണ് കന്യാകുമാരി. ഇവിടം ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്. പിൽക്കാലത്ത് കന്യാകുമാരി പദ്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായി.
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച് തിരുവിതാംകൂർ സ്ഥാപിച്ചതോടെ കന്യാകുമാരി തെക്കൻ തിരുവിതാംകൂർ എന്നറിയപ്പെടുന്നു. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. 1949 ൽ തിരുക്കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ കന്യാകുമാരിയും അതിന്റെ ഭാഗമായി.