life

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്ര് നിർമ്മാണ കമ്പനി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന വഴി ആപ്പിൾ ഐ-ഫോൺ ശിവശങ്കറിന് നൽകിയത് കോഴയാണെന്ന് സി.ബി.ഐ കണ്ടെത്തി. ലൈഫ് നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ ആറ് ഐഫോണുകളും സ്വപ്ന ചോദിച്ചു വാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഫോണിന് 3.93 ലക്ഷം ചെലവായി.പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനടക്കം ഫോൺ കിട്ടി. ഫോൺ നൽകിയത് കോഴയാണെന്ന് വന്നതോടെ, കേസിൽ അഴിമതിവിരുദ്ധ നിയമം കൂടി ചുമത്താൻ സി.ബി.ഐയ്ക്കാവും. നിലവിൽ വിദേശസഹായ നിയന്ത്രണചട്ട ലംഘനത്തിനാണ് കേസ്.

യു.വി.ജോസിന് മുൻപ് ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന എം.ശിവശങ്കറിന്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം സി.ബി.ഐക്കുണ്ട്. കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കറാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ്‌ നായരാണ് പ്രാരംഭ ചർച്ചകൾ നടത്തിയത്. കോഴപ്പണം കൈമാറിയ ശേഷം ശിവങ്കറിനെ കണ്ടെന്നും അതിനു ശേഷമാണ് കരാർ ലഭിച്ചതെന്നുമാണ് സന്തോഷ് ഈപ്പന്റെ മൊഴി.ലൈഫ് മിഷൻ സി.ഇ.ഒയെ അന്വേഷണ പരിധിയിൽ നിന്നൊഴിവാക്കിയെങ്കിലും എഫ്.സി.ആർ.എ ചട്ടത്തിലെ 3(2) വകുപ്പുപ്രകാരം സന്തോഷ് ഈപ്പനെതിരെ കേസ് നിലനിറുത്തുകയും എഫ്.സി.ആർ.എ ചട്ടലംഘനം, ഗൂഢാലോചന എന്നീ വകുപ്പു ചേർത്ത സി.ബി.ഐയുടെ എഫ്.ഐ.ആർ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതു കോടി വിദേശസഹായത്തിൽ നിന്നാണ് 4.48 കോടി കമ്മിഷനും 3.93 ലക്ഷത്തിന്റെ ഫോണുകളും വാങ്ങി നൽകിയതെന്ന് സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്.

ശിവശങ്കറിലെത്താൻ സി.ബി.ഐ

 ശിവശങ്കറിന്റെ വിദേശയാത്രാ, ലൈഫ് ഇടപെടൽ വിവരം ശേഖരിച്ചു. യാത്രാവിവരങ്ങൾ കസ്റ്റംസ് നൽകി

 പ്രളയ സഹായം തേടിയുള്ള യു.എ.ഇ യാത്രയും സ്വപ്നയുമൊത്തുള്ള മൂന്ന് വിദേശയാത്രകളും സംശയനിഴലിൽ

 താനറിയാതെ ആദ്യവസാനം കാര്യങ്ങൾ നീക്കിയത് ശിവശങ്കറാണെന്നാണ് യു.വി.ജോസിന്റെ മൊഴി

യൂണിടാക്കിന് സഹായം നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്ന ജോസിന്റെ മൊഴിയും കുരുക്കാണ്

ഐ ഫോൺ:വിജിലൻസ് സ്വപ്നയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് ഫ്ലാറ്റ് നിർമ്മാണ കരാർ നേടിയ യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനിൽ നിന്ന് സ്വീകരിച്ച ഐ ഫോണുകൾ ആർക്കൊക്കെ നൽകിയെന്ന് കണ്ടെത്താൻ സ്വപ്നയെ വിജിലൻസ് ചോദ്യംചെയ്യും. തിങ്കളാഴ്ച അട്ടക്കുളങ്ങര ജയിലിലെത്തിയാവും ചോദ്യംചെയ്യൽ.പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് നായരേയും ചോദ്യം ചെയ്യും. കേസിലെ മ​റ്റൊരു പ്രതി സരിത്തിന്റെ മൊഴി നേരത്തേ വിയ്യൂർ ജയിലിൽ എത്തി രേഖപ്പെടുത്തിയിരുന്നു. ലൈഫ് പദ്ധതി ലഭിക്കാനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ പണമായി നൽകിയ കമ്മിഷനു പുറമേ അഞ്ച് ഐ ഫോണുകളും നൽകിയതായി കണ്ടെത്തിയിരുന്നു. (യൂണിടാക് കമ്പനി കോടതിയിൽ സമർപ്പിച്ച ഇൻവോയിസിൽ ആറ് ഐ ഫോണുകളുടെ വിവരങ്ങളാണുള്ളത് )​ ഇതിൽ 99,​900രൂപ വിലയുള്ള ഫോൺ അറസ്​റ്റിലായ എം. ശിവശങ്കറിനും മൂന്നു ഫോണുകൾ ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം നൽകിയതായും കണ്ടെത്തിയിരുന്നു. ഏ​റ്റവും വില കൂടിയ ( 1,​13,​900 രൂപ )​ ഫോൺ ആർക്കു നൽകിയെന്ന് കണ്ടെത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ഈ ഫോൺ നൽകിയതു സംബന്ധിച്ചു ഏറെ ദുരുഹതയുണ്ടെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനു പിന്നാലെ വിജിലൻസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.