bineesh

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഏഴ് വർഷം വരെ തടവും 5ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്,​ ബിനീഷാണ് ബോസെന്നും ബോസ് പറഞ്ഞതു മാത്രമാണ് ചെയ്തതെന്നും ലഹരിക്കടത്തിന് ജയിലിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു.

ആഫ്രിക്കയിൽ നിന്ന് ലഹരിമരുന്നെത്തിച്ച് ബംഗളൂരുവിൽ വ്യാപാരം നടത്തിയതിന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് അനൂപിനെ നേരത്തേ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഹോട്ടൽ ബിനീഷിന്റെ ബിനാമി ഇടപാടായിരുന്നെന്നും അനൂപ് വെളിപ്പെടുത്തിയതായി ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 17മുതൽ 21വരെ അനൂപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ കിട്ടിയത്.

അനൂപും ബിനീഷും അടുത്ത സുഹൃത്തുക്കളാണ്. ബാങ്ക് ട്രാൻസ്‌ഫറിലൂടെയും നേരിട്ട് അക്കൗണ്ടിലും അനൂപിന് വൻ തുകകൾ നൽകി. അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു.

അനൂപിന് പണം നൽകിയെന്ന് ബിനീഷ് സമ്മതിച്ചെന്നും എന്നാൽ,​ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും പണം നൽകിയതിന്റെ വിശദാംശങ്ങളെക്കുറിച്ചും ബാങ്ക് രേഖകൾ കാട്ടി ചോദിച്ചിട്ടും സഹകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. അതിനാലാണ് ബിനീഷിനെ കസ്റ്റഡിയിലെടുക്കേണ്ടിവന്നത്.

കേരളത്തിലെ ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് വൻ തുകകൾ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അനൂപിന് കൈമാറി. അധികാരവും സ്വാധീനവുമുള്ള വ്യക്തിയായതിനാൽ തെളിവു നശിപ്പിക്കാനിടയുണ്ടെന്നും സിനിമാ, രാഷ്ട്രീയ മേഖലയിൽ വൻ സ്വാധീനം ബിനീഷിനുണ്ടെന്നും ഇ.ഡി പറയുന്നു. അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്ത് ബിനീഷിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് ഇ.ഡി.

കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയത്. കൂടുതൽ വകുപ്പുകൾ ചുമത്താനിടയുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. തിങ്കളാഴ്ച ബിനീഷിനെ കോടതിയിൽ ഹാജരാക്കും.

3.5 കോടിയുട ഇടപാട്

 അനൂപുമായി മൂന്നരക്കോടിയുടെ ഇടപാടുകൾ ബിനീഷ് നടത്തിയെന്ന് അന്വേഷണസംഘം

കേരളത്തിലിരുന്ന് അനൂപിന്റെ ബംഗളൂരുവിലെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് ബിനീഷ്

 അനൂപിന്റെ മയക്കുമരുന്നിടപാട് അറിയില്ലെന്ന ബിനീഷിന്റെ വാദം വിശ്വാസയോഗ്യമല്ല.

 ലഹരി ഗുളികകളുമായി അനൂപ് അറസ്റ്റിലാവുന്നതിന് തൊട്ടുമുൻപും ബിനീഷിനെ വിളിച്ചു

 ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകൾ ബിനീഷിന്റെ അറിവിലുള്ളതാണ്

മാരത്തോൺ ചോദ്യം ചെയ്യൽ

വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ബിനീഷിനെ ഇന്നലെ രാവിലെ എട്ടരയോടെ ഇ.ഡി ഓഫീസിലെത്തിച്ചു. പത്തേകാലിന് ചോദ്യംചെയ്യൽ തുടങ്ങി. താൻ ബിസിനസിന് നൽകിയ പണം അനൂപ് എന്തിനായി ഉപയോഗിച്ചെന്ന് അറിയില്ലെന്നാണ് ബിനീഷ് ആവർത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മയക്കുമരുന്ന് കേസിലും

പ്രതിയാക്കിയേക്കും

മുഹമ്മദ് അനൂപ് പ്രതിയായ മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾബ്യൂറോ ബിനീഷിനെയും പ്രതിചേർത്തേക്കും. ഇ.ഡി കസ്റ്റഡി തീരുന്നമുറയ്ക്ക് കസ്റ്റഡിയിൽ വാങ്ങും.

അനുജനെ കാണാൻ

ബിനോയിയെ അനുവദിച്ചില്ല

- പേജ് --