
മലയിൻകീഴ്: വിളപ്പിൽശാല കാരോട് ക്ഷീര സഹകരണസംഘത്തിന്റെ വൈക്കോൽ പുരയ്ക്ക് തീപിടിച്ചു. ക്ഷീര കർഷകർക്കും സംഘത്തിന്റെ ഡെയറി ഫാമിലെ പശുക്കൾക്കും നൽകാൻ സൂക്ഷിച്ചിരുന്ന വൈക്കോലും കാലിത്തീറ്റയുമാണ് കത്തിനശിച്ചത്. രണ്ട് ദിവസം മുൻപ് വാങ്ങിയ ഒരു ലോഡ് വൈക്കോൽ പൂർണമായി കത്തി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 3.30ന് സമീപവാസിയാണ് വൈക്കോൽ പുരയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. നാട്ടുകാരെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സാണ് മണിക്കൂറുകളെടുത്ത് തീ കെടുത്തിയത്. കടകൾ, വീടുകൾ, പോസ്റ്റ് ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നിടത്താണ് അപകടം നടന്ന കെട്ടിടം. നാട്ടുകാർസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.