kid

മനസ് വിഷമിച്ച് സഹായം തേടിയ കുട്ടികൾ 3.56 ലക്ഷം

തിരുവനന്തപുരം: കൊവിഡ് കാലത്തെ മാനസിക സമ്മർദ്ദങ്ങളിൽ സംസ്ഥാനത്ത് ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം 173. സ്കൂളിൽ പോകാനാവാതെ, കളികളില്ലാതെ, കൂട്ടുകാരുമായി സംസാരിക്കാനാവാതെയാണ് കുട്ടികൾ ആത്മഹത്യയിൽ അഭയം തേടിയത്. ലോക്ക് ഡൗൺ കാലത്ത് മാനസിക സമ്മർദ്ദം താങ്ങാനാവാതെ പൊലീസിന്റെയും സാമൂഹ്യനീതിവകുപ്പിന്റെയും സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടത് 3.56 ലക്ഷം കുട്ടികളാണ്.

കൊവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളെയും ആത്മഹത്യാപ്രവണതകളെയും കുറിച്ച് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് 173 പേരുടെ ആത്മഹത്യയും അതിലെ സാമൂഹ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തത്.

മൊബൈൽ ഫോൺ നൽകാത്തതും ഇന്റർനെറ്റ് ഗെയിം കളിക്കാൻ കഴിയാത്തതും പരീക്ഷയിൽ തോറ്റതും ഒക്കെയാണ് പുറമെയ്ക്ക് പറയുന്ന കാരണങ്ങളെങ്കിലും മാനസിക സമ്മർദ്ദമാണ് പ്രധാനപ്രശ്നമെന്ന് ഇൗ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു മുതൽ 18 വയസുവരെയുള്ള വിദ്യാഭ്യാസകാലം കളികളിലൂടെ ശരീരത്തെയും സൗഹൃദങ്ങളിലൂടെ മനസിനെയും പഠിത്തത്തിലൂടെ വളർച്ചയെയും പ്രചോദിപ്പിക്കുന്നു. എന്നാൽ കൊവിഡ് കാലത്ത് ഇതിൽ രണ്ടുമേഖലകളും നിർജ്ജീവമായിരുന്നു. ഇത് സമ്മർദ്ദം കൂട്ടാനും കുട്ടികളെ വഴിതെറ്റിക്കാനും കാരണമാകുന്നു. പഠിക്കാൻ മിടുക്കരായ 50 കുട്ടികൾ ഇൗ ലോക്ക് ഡൗൺ കാലത്ത് ആത്മഹത്യ ചെയ്തു. രാഷ്ട്രപതിയുടെ അവാർഡ് നേടിയവരും പൊലീസ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടവരും ആത്മഹത്യ ചെയ്തവരിലുണ്ട്. സ്ട്രെസ് അതിജീവിക്കാൻ കുട്ടികൾക്ക് മാത്രമായി എന്തും തുറന്ന് സംസാരിക്കാനുള്ള ഒരിടം നൽകേണ്ടത് അനിവാര്യമാണെന്നാണ് അവരുടെ അഭിപ്രായം.

"കുഞ്ഞുമനസുകളിലെ സമ്മർദ്ദം ഇല്ലാതാക്കാൻ വീട്ടിലും സ്കൂളിലും സംവിധാനമുണ്ടാകണം. കൂട്ടുകാരുമായി മനസ് തുറന്ന് സംസാരിക്കാനും പെരുമാറാനും അവസരമൊരുക്കണം"

എൽ.ആർ. മധുജൻ, സൈക്കോളജിസ്റ്റ്, തിരുവനന്തപുരം

 ആത്മഹത്യാപ്രവണതയും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ പൊലീസിന്റെ ചിരി ഹെൽപ് ലൈൻ: 9497900200

 സാമൂഹ്യ നീതിവകുപ്പിന്റെ ചൈൽഡ് ഹെൽപ് ലൈൻ ദിശ ടോൾ ഫ്രീ നമ്പർ: 1056

 സംസ്ഥാനത്തെ കൗമാര ആത്മഹത്യകൾ

. കഴിഞ്ഞ വർഷം 142

. ഇൗ വർഷം ഇതുവരെ 173

. ഏറ്റവും കൂടുതൽ തിരുവനന്തപുരം 48

. പാലക്കാട് 43

. കൊല്ലം 31

. മലപ്പുറം 30

 ഇൗ വർഷം ആത്മഹത്യയ്ക്ക് പറയുന്ന കാരണങ്ങൾ

. വീട്ടുകാർ വഴക്ക്പറഞ്ഞതിന് 19

. ആരോഗ്യപ്രശ്നങ്ങളിൽ വിഷമിച്ച് 24

. വീട്ടിലെ വഴക്കിൽ മനംമടുത്ത് 12

. പരീക്ഷയിൽ തോറ്റതിന് 29

. മൊബൈൽ ഫോൺ വിലക്കിയതിന് 12

. ലൈംഗിക പീഡനം 5