
കോവളം: വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാരംഭിച്ച രാപ്പകൽ സമരം കാരണം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം നിലച്ചിട്ട് ഒരുമാസം. ഇടവക ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ തൃപ്തികരമാകാത്തതിനെ തുടർന്ന് സമരം നീട്ടാനാണ് തീരുമാനം.
മണ്ണെണ്ണ വിതരണം അടുത്തയാഴ്ചയും കോട്ടപ്പുറത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പുതിയ പൈപ്പുലൈനുകൾ സ്ഥാപിക്കൽ, ഗംഗയാർ തോട് ശുചീകരണം എന്നിവ മൂന്ന് മാസത്തിനുള്ളിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിസിൽ എം.ഡി ഡോ.ജയകുമാർ പറഞ്ഞു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ഇടവക വികാരി ഫാദർ മൈക്കിൾ തോമസ് പറഞ്ഞു.
15 ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം നടക്കുന്നത്. ഇതിൽ മൂന്ന് പദ്ധതികളുടെ ഉറപ്പാണ് ജിയോ ആക്കി ഇടവകയ്‌ക്ക് നൽകിയത്. കഴിഞ്ഞദിവസം തുറമുഖ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെതുടർന്നാണ് പദ്ധതിയുടെ പൂർണ വിവരം ഇടവകയ്‌ക്ക് നൽകിയത്.
സമരം കാരണം ഡ്രഡ്ജറുകളും ടഗ്ഗുകളുമടക്കം യന്ത്ര സാമഗ്രികളും നിശ്ചലമായി. തുറമുഖ ജെട്ടി, കണ്ടെയ്‌നർ യാർഡ് തുടങ്ങിയവയുടെ നിർമ്മാണത്തെയും സമരം ബാധിച്ചു. ജില്ലയിലെയും തമിഴ്നാട്ടിലെയും പാറമടകളിൽ നിന്ന് കല്ലുമായെത്തിയ ട്രക്കുകളെ സമരക്കാർ തടഞ്ഞതോടെ ഇതും പൂർണമായി നിറുത്തിവച്ചു. സമരം നീളുന്തോറും നിർമ്മാണ പ്രവർത്തനങ്ങളും വൈകുമെന്ന് തുറമുഖ കമ്പനി അധികൃതർ അറിയിച്ചു. സമരം കാരണം നിർമ്മാണ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും കമ്പനി അധികൃതർ പറയുന്നു.