
*സി.പി.ഐ പിന്തുണയിൽ സി.പി.എമ്മിന് ആശ്വാസം.
തിരുവനന്തപുരം: ശിവശങ്കറിനും ബിനീഷ് കോടിയേരിക്കുമെതിരായ എൻഫോഴ്സ്മെന്റിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഭരണനേതൃത്വത്തെയും സി.പി.എമ്മിനെയും കൂടുതൽ ബുദ്ധിമുട്ടിലാക്കവെ, തെരുവിൽ പ്രതിഷേധം കനപ്പിക്കുകയാണ് പ്രതിപക്ഷം.
കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് രംഗത്തെത്തി. അതേസമയം, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ നൽകിയ പിന്തുണ സി.പി.എമ്മിന് ആശ്വാസമേകുന്നതായി. പ്രതിസന്ധികളെ മറികടക്കാൻ കരുതലോടെ നീങ്ങാനാണ് സി.പി.എം ശ്രമമെങ്കിലും, കേന്ദ്ര ഏജൻസികളുടെ പുതിയ നീക്കങ്ങൾ ഏത് രൂപത്തിലാകുമെന്ന ആശങ്ക നേതൃത്വത്തെ പൊതിയുന്നുണ്ട്.
ലഹരിമരുന്ന് കടത്ത് കേസിൽ നേരത്തേ പിടിയിലായ അനൂപ് മുഹമ്മദ്, ബിനീഷിന്റെ ബിനാമി മാത്രമാണെന്നാണ് ഇന്നലെ ഇ.ഡി വെളിപ്പെടുത്തിയത്. അനൂപിന്റെ ഇടപാടുകൾ നിയന്ത്രിച്ചത് ബിനീഷാണെന്ന വെളിപ്പെടുത്തൽ സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി .ലൈഫ് മിഷൻ നിർമ്മാണക്കരാർ കിട്ടാൻ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിർദ്ദേശപ്രകാരം യുണിടാക് ഉടമ കൈമാറിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്റെ കൈവശമാണെന്ന വെളിപ്പെടുത്തലും സർക്കാരിന് ക്ഷീണമുണ്ടാക്കുന്നതാണ്.
. സി.പി.എം ഭരിക്കുന്ന സർക്കാരിൽ ഒരുദ്യോഗസ്ഥനെങ്ങനെ അമിതാധികാരം കൈയാളിയെന്നതിന് ഉത്തരം നൽകുക എളുപ്പമാകില്ലെന്ന് ഇടതുകേന്ദ്രങ്ങളിൽ മുറുമുറുപ്പുകളുണ്ട്. മുൻകാല സർക്കാരുകളിൽ പാർട്ടിക്കുണ്ടായിരുന്ന നിയന്ത്രണം ഇവിടെയില്ലാതെ പോയെന്ന വിമർശനവുമുയരുന്നു. കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ബലപ്പെടുത്തുന്ന നീക്കങ്ങളാണുണ്ടാവുന്നതെന്ന് ഇടതുകേന്ദ്രങ്ങൾ കരുതുന്നു. കസ്റ്റംസ് തള്ളിക്കളഞ്ഞ ആരോപണം ഇ.ഡി ഇപ്പോൾ ഉന്നയിച്ചതും അതിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നു. അപ്പോഴും, അതിന് അവസരമുണ്ടാക്കിക്കൊടുത്തത് ഒരുദ്യോഗസ്ഥന്റെ ചെയ്തികളല്ലേയെന്നതാണ് ചോദ്യം.
ബിനീഷ് കോടിയേരി പാർട്ടി നേതാവല്ലെന്നതിനാൽ പാർട്ടിക്കതിൽ പങ്കില്ലെന്ന വാദം ന്യായത്തിന് അംഗീകരിക്കുമ്പോഴും ,സി.പി.എം നേരത്തേ അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ നേതൃത്വത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. നേതാക്കളുടെ മക്കളോ,ഉറ്റബന്ധുക്കളോ കുടുംബാംഗങ്ങളിൽ പ്രമുഖരോ അവരുടെ വരുമാന സ്രോതസ്സുമായി പൊരുത്തപ്പെടാത്ത ആസ്തിയും വരുമാനവും സമ്പാദിച്ചാൽ, ജനങ്ങൾ അതറിയുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള മാതൃകാജീവിതം വേണമെന്നാണ് പാർട്ടി നിർദ്ദേശം . 2009ൽ കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ച തെറ്റുതിരുത്തൽ രേഖ 2013ലെ പാലക്കാട് സംസ്ഥാന പ്ലീനം ശരി വച്ചതുമാണ്. ഈ രേഖ മുന്നിലിരിക്കെ, സി.പി.എമ്മിന്റെ പ്രതിരോധ വാദങ്ങൾ ദുർബലമാവുന്നു.