ss

തളിപ്പറമ്പ്:കോൺഗ്രസ് നേതാവിന്റെ വീട്ടുപറമ്പിൽ നിന്ന് ചന്ദനം മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇവർ വന്ന വാഹനവും പിടികൂടി. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മട്ടന്നൂർ ശിവപുരം കരൂഞ്ഞിയിലെ കണ്ടത്തിൽ വീട്ടിൽ വി. വിജേഷ് എന്ന വിച്ചു (37), കൂത്തുപറമ്പ് മൂര്യാട് പോസ്റ്റ് ഓഫീസിന് സമീപത്തെ തട്ടാന്റെ പറമ്പിൽ ഹൗസിൽ സി. അനൂപ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ആൾട്ടോ 800 കാർ കസ്റ്റഡിയിലെടുത്തു.

പറശിനിക്കടവ് മമ്പാല സ്വദേശിയും കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് മുൻ പ്രസിഡന്റുമായ പി.എം. പ്രേംകുമാറിന്റെ തറവാട്ട് വളപ്പിൽ നിന്നാണ് കൂറ്റൻ ചന്ദനമരം മോഷണം പോയത്. ഇന്നലെ പുലർച്ചെ മൂന്നോടെ വീടിന് സമീപത്തെ റോഡിൽ കാറിന്റെ ശബ്ദംകേട്ട് ഉണർന്ന പ്രേംകുമാർ തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ അറിയിച്ചു. ഇരുവരും ഗേറ്റിനടുത്ത് എത്തിയപ്പോൾ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി.

കാറിന്റെ നമ്പർ പ്രേംകുമാർ തിരിച്ചറിഞ്ഞിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കാർ വീണ്ടും വീടിന് സമീപമെത്തി. പ്രേംകുമാറിന്റെ വീട്ടിലേക്ക് പശുവിനെ കറക്കാൻ എത്തിയ കറവക്കാരൻ കാർ കണ്ട് സംശയം തോന്നി വിവരം അറിയിച്ചു. ഗേറ്റിന് സമീപമെത്തിയപ്പോൾ വീണ്ടും കാർ കടന്നുകളഞ്ഞു.

ഉടൻ പൊലീസിൽ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പിൽ നിന്നും കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരം പുലർന്നപ്പോഴാണ് ചന്ദനം മുറിച്ചിട്ടത് കണ്ടത്. കാറിൽ കയറ്റാൻ പാകത്തിൽ ഇത് കഷണങ്ങളാക്കിയിരുന്നു. അഞ്ചംഗ സംഘമാണ് ചന്ദനം മോഷ്ടിക്കാനെത്തിയത്. ചന്ദനമുട്ടികളും പൊലീസ് കസ്റ്റഡിയിലെടുത്തു. രമീഷും സുമേഷും മറ്റൊരാളുമാണ് ഓടിരക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.