enforcement-directorate

തിരുവനന്തപുരം:ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിരോധിക്കുക സർക്കാരിന് ദുഷ്‌കരമാകും. ഇരുവർക്കുമെതിരായ നടപടികൾ കള്ളപ്പണ ഇടപാടിൽ മാത്രം ഒതുങ്ങുന്നതല്ല. സ്വർണക്കടത്ത് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി സ്വർണക്കടത്തിനായി ദുരുപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ചിലരെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിലൊരാളാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സംശയമുനയിലാണ്. ഇതിലൊരാൾക്ക് സ്വപ്ന യൂണിടാക്കിൽ നിന്ന് കിട്ടിയ ഐ-ഫോൺ സമ്മാനിച്ചിരുന്നു. ശിവശങ്കറിന്റെ ഇ.ഡി കസ്റ്റഡി കഴിഞ്ഞാലുടൻ,​

സ്വപ്‌നയുമായി ചേർന്ന് വിദേശത്തേക്ക് 1.90ലക്ഷം ഡോളർ ( 1.40കോടി രൂപ)​ കടത്തിയ കേസിൽ

കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാം. ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്. അനധികൃതമായി ഡോളർ മാറ്റിയെടുത്തതിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും ശിവശങ്കറിനെതിരെയുണ്ടാവും.യൂണിടാക് കമ്പനി നൽകിയ ഐ-ഫോൺ സ്വീകരിച്ചത് കോഴയായതിനാൽ ലൈഫ് കോഴക്കേസിൽ സി. ബി. ഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കാത്തിരിക്കയാണ്.ബംഗളുരു മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ പ്രതിയാക്കിയേക്കും. മറ്റു ചില കള്ളപ്പണ ഇടപാടുകളിലും അന്വേഷണമുണ്ടാവും. പ്രതികളുടെയും സംശയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ്,​ ബിനാമി ഇടപാടുകൾ കണ്ടെത്താൻ റെയ്ഡുകൾ നടത്താനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡിക്ക് കഴിയും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല.