youth-congress

തിരുവനന്തപുരം:മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറി. മെയിൻ ഗേറ്റിനു മുൻവശം വരെ എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ എട്ടിനായിരുന്നു സംഭവം. അതേസമയം ദേവസ്വം ബോർഡ്‌ ജംഗ്‌ഷനിൽ എത്തിച്ചേർന്ന പ്രവർത്തകർ തീപ്പന്തം കത്തിച്ചു റോഡ് ഉപരോധിച്ചു. തള്ളിമാറ്റാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതേ സമയം മെയിൻ ഗേറ്റിൽ ഉണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. റോഡ് ഉപരോധം തടയാനുള്ള പൊലീസിന്റെ ശ്രമം നേതാക്കൾ തടഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്.നുസൂർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുധീർഷ പാലോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാർ നേമം ഷജീർ,വിനോദ് കോട്ടുകാൽ എന്നിവർ പങ്കെടുത്തു. ഉപരോധശേഷം പിരിഞ്ഞുപോകാൻ തുടങ്ങിയ സമയം സ്ഥലത്തെത്തിയ കമ്മീഷണറുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂറിനെയുൾപ്പടെ മർദ്ദിച്ച്‌ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. സുധീർഷ പാലോടിനെയും ഭാരവാഹികളായ അരുൺരാജൻ,നേമം ഷജീർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.മെയിൻ ഗേറ്റിൽ നിന്നും യൂത്ത് കോൺഗ്രസ്‌ നേതാവായ കിരൺ ഡേവിഡ് ഉൾപ്പെടെ ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചതായി സുധീർഷ പാലോട് അറിയിച്ചു.