
നടിയും അവതാരകയുമായ മൃദുല മുരളിയുടെയും നിതിൻ വിജയന്റെയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചിയിൽ വച്ചു നടന്ന വിവാഹചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി നടി രമ്യ നമ്പീശൻ, സയനോര തുടങ്ങിയവരും എത്തിയിരുന്നു. മൃദുലയ്ക്കും നിതിനുമൊപ്പം ചുവടുവയ്ക്കുന്ന രമ്യയുടെയും കൂട്ടുകാരികളുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അവതാരകയായാണ് മൃദുലയുടെ കരിയർ ആരംഭിക്കുന്നത്. ക്ലാസിക്കൽ ഡാൻസറും മോഡലും കൂടിയായ മൃദുല ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റെഡ് ചില്ലീസി’ലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, 10.30 എ.എം ലോക്കൽ കോൾ, ബോളിവുഡ് ചിത്രം രാഗ് ദേശ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ മൃദുല അഭിനയിച്ചു. ഫഹദ് ഫാസിൽ നായകനായ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലാണ് ഒടുവിൽ മൃദുലയെ കണ്ടത്. നടൻ മിഥുൻ മുരളിയാണ് മൃദുലയുടെ സഹോദരൻ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് നിതിൻ.