km

പാറശാല: കുടിവെള്ളത്തിനായി പോരാട്ടം തുടങ്ങി ഇരുപത് വർഷമായിട്ടും ഗിരിജയുടെ വീട്ടിൽ വെള്ളമെത്തിയില്ല. കാഞ്ഞിരംകുളം പഞ്ചായത്തിൽ ആലുന്നക്കുഴി ചാരുവിള പുത്തൻവീട്ടിൽ ഗിരിജയ്ക്കും കുടുംബവും ഇന്നും വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വർഷങ്ങളായി മാറി മാറി പഞ്ചായത്ത് ഭരിയ്ക്കുന്ന കോൺഗ്രസും സി.പി.എമ്മും ഇവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇരു പാർട്ടി നേതൃത്വങ്ങൾക്കും മാറി മാറി പരാതിയും നൽകി.എന്നാൽ ഏതൊരു ഗുണവും ഉണ്ടായില്ല. കരൾ രോഗിയായ ഭർത്താവും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബമാണ് ഗിരിജയുടെത്. ആദ്യ മകൾ ജനിച്ചതു മുതൽ കുടിവെള്ളത്തിനായി അപേക്ഷകൾ നൽകിയിരുന്നു. രണ്ട് മക്കളുടെ വിവാഹം കഴിഞ്ഞിട്ടും കുടിവെള്ളം എത്തിയില്ല. കുന്നിൽ മുകളിലെ വീട്ടിൽ വെള്ളമെത്തണമെങ്കിൽ കുടവുമായി അതിരാവിലെ കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. ഈ നടത്തം ഇനി എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നാണ് ഗിരിജയും പറയുന്നത്. സ്വന്തം വീട്ടിലെ പൈപ്പിൽ നിന്നും കുടിവെള്ളം കുടിച്ച് മരിയ്ക്കണമെന്ന ആഗ്രഹമാണ് ഗിരിജയ്ക്ക് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തന്റെ വീട്ടിൽ വരണമെങ്കിൽ ആദ്യം കുടിവെള്ളം എത്തിയ്ക്കണമെന്നും ഇല്ലെങ്കിൽ തന്റെ കുടുംബം വോട്ട് ബഹഷ്‌കരിയ്ക്കുമെന്നുമാണ് ഗിരിജയുടെ കുടുംബം പറയുന്നത്‌.

ഫോട്ടോ: കിലോമീറ്ററുകൾ നടന്ന് വീട്ടിലേക്ക് വെള്ളമെത്തിക്കുന്ന ഗിരിജ