tiger

സുൽത്താൻ ബത്തേരി: പരിക്ക് പറ്റിയ കടുവകളെയും രോഗബാധിതരെയും പ്രായം ചെന്നവരെയും പരിപാലിക്കുന്നതിനായി പഴയ വനലക്ഷ്മി കുരുമുളക് പ്ലാന്റേഷനിൽ പാലിയേറ്റീവ് കെയർ സെന്റർ ഒരുങ്ങുന്നു. കുടവകളെയും പുലികളെയും പരിപാലിക്കുക ലക്ഷ്യം വെച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി കുപ്പാടി നാലം മൈൽ വടക്കനാട് ഭാഗത്തുള്ള പഴയ വനലക്ഷ്മി കുരുമുളക് തോട്ടമാണ് കണ്ടെത്തിയിരിക്കുന്നത്. ആറ് കടുവകൾക്കും അത്ര തന്നെ പുലികൾക്കും പരിചരണം നൽകുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പാണ് വനം വകുപ്പ് നാലാം മൈലിലും വടക്കനാട് വള്ളുവാടി മേഖലകളിലുമായി കുരുമുളക് തോട്ടം വെച്ചുപിടിപ്പിച്ചത്. എന്നാൽ പദ്ധതി പാളുകയും കുരുമുളക് ചെടികൾ നശിക്കുകയും ചെയ്തതോടെ ആരും തിരിഞ്ഞു നോക്കാനില്ലാതെ സ്വഭാവിക വനമായി ഈ മേഖല മാറി. ഇവിടെയുള്ള 5 ഏക്കർ സ്ഥലമാണ് പ്രത്യേകം വേലികെട്ടി തിരിച്ച് കടുവകളുടെയും പുലികളുടെയും പാലിയേറ്റീവ് കെയർ സെന്ററാക്കി മാറ്റാനുള്ള നീക്കം നടത്തുന്നത്.
പ്രായം ചെന്നതും പരിക്ക് പറ്റിയതുമായ നിരവധി കടുവകളാണ് ഈ അടുത്തിടെ ജനവാസകേന്ദ്രത്തിലിറങ്ങി കർഷകരുടെ വളർത്തു മൃഗങ്ങളെ പിടികൂടിയത്. ഇരയെ ഓടിച്ചിട്ട് പിടികൂടാൻ പറ്റാത്തത് കൊണ്ടാണ് ഇവ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ജനവാസ കേന്ദ്രത്തിലിറങ്ങി വനം വകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവകളിൽ കൂടുതലും പരിക്ക് പറ്റിയതും വാർദ്ധക്യ സഹചമായ അസുഖങ്ങൾ ഉള്ളതുമാണ്. ഇത്തരം കടുവകളെ പിടികൂടി ഉൾ വനത്തിൽ കൊണ്ടുപോയി വിട്ടാൽ അത് വീണ്ടും തിരിച്ചെത്തുകയോ അല്ലെങ്കിൽ മറ്റു കടുവകൾ ഇതിനെ ആക്രമിച്ച് കൊല്ലുകയോ ചെയ്യും.
ജനവാസ കേന്ദ്രത്തിലിറങ്ങി ജനങ്ങൾക്ക് സ്ഥിരം ഭീഷണിയായി വന്ന ഒരു കടുവയെ വനം വകുപ്പ് പിടികൂടി വനത്തിലേക്ക് തന്നെ തിരികെ വിട്ടെങ്കിലും അത് വീണ്ടും ജനവാസ കേന്ദ്രത്തിൽ തന്നെ തിരിച്ചെത്തി ജനങ്ങൾക്കും വനം വകുപ്പിനും വീണ്ടും തലവേദനയായി. വയനാടൻ കാടുകളിൽ കടുവകളുടെയും പുള്ളി പുലികളുടെയും എണ്ണം വളരെ കൂടുതലാണ്. പരിക്ക് പറ്റിയതും പ്രായം ചെന്ന് അനാരോഗ്യമുള്ളതുമായ കടുവകളെ ഇനി പിടികൂടി പാലിയേറ്റീവ് കെയറിൽ കൊണ്ടുവന്ന് ചികിത്സ നൽകി പൂർണ ആരോഗ്യവാനാകുന്നതുവരെ ഈ ക്യാമ്പിൽ നിർത്തിയശേഷം വനത്തിലേക്ക് തന്നെ തിരികെ അയക്കാനാണ് പദ്ധതി.