keralam-

ഒരു വ്യക്തിയുടെ ഏറ്റവും സുന്ദരമായ പൂക്കാലം പിറന്നാളാണ്. ഒന്നാം പിറന്നാളിനൊപ്പം വരില്ല മറ്റൊരു ആഘോഷവും. ജന്മനാടിന്റെ സ്ഥിതിയും അതു തന്നെ. നവംബറാണ് കേരളത്തിന്റെ ജന്മമാസം. നവംബർ നഷ്ടങ്ങളുടെ മാസമെന്ന് പറയാറുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ച് അങ്ങനെയല്ല. തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് 1956 നവംബർ ഒന്നിന് രൂപീകൃതമായ കേരളം ലോകത്തിന് കാട്ടിക്കൊടുത്ത ലാഭത്തിന്റെ ഗ്രാഫ് ചെറുതല്ല.

38,863 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. 580 കിലോമീറ്റർ കടലോരം. 44 നദികൾ. ലോകം ഉറ്റുനോക്കിയത് ഈ കണക്കിലൊന്നുമല്ല. ബാലറ്റ് പേപ്പറിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വന്ന നാട്. പുരുഷന്മാരെക്കാൾ സ്‌ത്രീകൾ കൂടുതലുള്ള നാട്. സാക്ഷരതയിൽ മറ്റ് സംസ്ഥാനങ്ങൾക്ക് അസൂയയുണ്ടാക്കുന്ന നാട്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വ്യക്തിശുചിത്വം എന്നിവയിൽ തലയെടുപ്പുള്ള നാട്. കാലാവസ്ഥയിലുമുണ്ട് ഒരു ദൈവസ്പർശം. ഏറ്റവുമധികം സമ്പത്തുള്ള ശ്രീപദ്മനാഭന്റെ നാട്. ജാതി - മത - ദേശങ്ങൾക്കതീതമായി തീർത്ഥാടകരെ മോഹിപ്പിക്കുന്ന ശബരിമല.

ഭാരതമെന്ന് കേട്ടാൽ അന്തരംഗം അഭിമാനപൂരിതമായപ്പോഴും കേരളമെന്ന പേര് കേട്ട് തലമുറകളുടെ ഞരമ്പുകളിൽ ചോര തിളച്ചുപൊങ്ങി. ആത്മീയതയിലുമുണ്ട് ഗിരിശൃംഗങ്ങൾ. ആദിശങ്കരൻ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യൻകാളി. നമ്മുടെ കഥകളി മുദ്രകളിൽ വിദേശികളുടെ കണ്ണുകൾ കൗതുകം കൊണ്ട് വിരിഞ്ഞു. സാഹിത്യത്തിലും കലയിലും സംഗീതത്തിലും, സിനിമയിലും കായിക ‌രംഗത്തും കേരളം സഹ്യനും വിന്ധ്യനും അപ്പുറത്തേക്ക് വളർന്ന് പന്തലിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സാക്ഷരതയിലും സ്‌ത്രീസാക്ഷരതയിലും ഒന്നാം സ്ഥാനം കേരളത്തിനാണ്. കോട്ടയം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ. ദേശീയ സാക്ഷരത ഏകദേശം 73 ശതമാനമാണെങ്കിൽ കേരളം സമ്പൂർണതയെ തൊട്ടുനിൽക്കുന്നു.

മലയാളികളും മലയാള ഭാഷയും കടന്നുചെല്ലാത്ത ഭൂഖണ്ഡങ്ങളും പ്രദേശങ്ങളും കുറവ്. രാജ്യത്തെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീ 1998 മേയ് 17ന് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യമാകെ മാതൃകയാക്കിയ പദ്ധതിയാണിത്.

കൊവിഡ് ഭീഷണിയെ പ്രതിരോധിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് നമ്മുടെ ആരോഗ്യരംഗത്തിന്റെ ശാസ്ത്രീയമായ സംവിധാനമാണ്. 2014ലെ കണക്ക് പ്രകാരം സർക്കാർ തലത്തിൽ 681 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും 230 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളും 79 താലൂക്ക് ആശുപത്രികളും 16 ജില്ലാ ആശുപത്രികളും 18 ജനറൽ ആശുപത്രികളുമുണ്ട്. ഇതിനു പുറമേ 20 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, 17 ക്ഷയരോഗ ക്ളിനിക്കുകൾ. സ്വകാര്യ മേഖലയിലെ കണക്ക് കൂടി ചേർത്താൽ അതിശക്തമാണ് ആരോഗ്യരംഗം.

കെ.ആർ. നാരായണൻ രാഷ്ട്രപതിയായി. വി.കെ. കൃഷ്ണമേനോൻ പ്രതിരോധ വകുപ്പ് മന്ത്രിയായി. അരുന്ധതി റോയി ബുക്കർ സമ്മാനം നേടി. കെ.ജി. ബാലകൃഷ്ണൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി. റസൂൽ പൂക്കുട്ടി ഓസ്കാർ അവാർഡ് നേടി. ആനി മസ്ക്രീൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത. ഇങ്ങനെ എണ്ണിയെണ്ണി പറയാൻ കഴിഞ്ഞ 64 വർഷങ്ങൾക്കുള്ളിൽ എത്രയെത്ര നേട്ടങ്ങൾ.

ദൈവത്തിന്റെ നാടെന്ന് കേരളത്തെ വാത്സല്യത്തോടെ വിളിച്ചത് സ്വദേശികളല്ല. വിദേശികളാണ്. അത് വലിയൊരു ബഹുമതിയാണ്. അതിന് അവമതിയുണ്ടാക്കുന്നതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. പക്ഷെ മാതൃനാടിനോടും മാതൃഭാഷയോടും പലപ്പോഴും കണ്ണിൽ ചോരയില്ലാതെ നാം പെരുമാറുന്നു. അറിഞ്ഞും അറിയാതെയും.

നവംബറിൽ പൂത്തു തുടങ്ങിയ കേരളനന്മകൾ അകാലത്തിൽ വാടിവീഴാതെ നോക്കണം. ആ ചിന്തയാകട്ടെ കേരളത്തിനുള്ള പിറന്നാളാശംസ!