
യഥാർത്ഥത്തിൽ മാർക്സ് പറയേണ്ടിയിരുന്നതാണ് ശരി. 'മൂലധനം' യഥാവിധി സ്വരൂപിക്കാതെ ഒരു വിപ്ലവവും ഒരിടത്തും സാദ്ധ്യമാകുകയില്ല. മാർക്സ് പറഞ്ഞില്ല എന്നതുകൊണ്ട് ശരി ശരിയല്ലാതാകുന്നില്ലല്ലോ. സംശയമുണ്ടെങ്കിൽ ദാസ് ക്യാപ്പിറ്റലിന്റെ സകലമാന വോള്യങ്ങളും അരച്ചുകലക്കി കുടിച്ചുവച്ചിരിക്കുന്ന കോടിയേരി ബ്രദേഴ്സിലെ ബിനീഷ് സഖാവിനോട് ചോദിച്ചോളൂ. മാർക്സ് പറഞ്ഞതവിടെ നിൽക്കട്ടെ. മാർക്സ് പറയേണ്ടിയിരുന്നതും ഇനി പറയാനൊരിക്കലും സാദ്ധ്യതയില്ലെന്നാകിലും അങ്ങനെ പറയാമായിരുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ സംഗതികൾ ബിനീഷ് സഖാവിനറിയാം. അതേക്കുറിച്ച് ദീർഘകാല ഗവേഷണത്തിലേർപ്പെട്ട് വരുന്ന പ്രതിഭകളാണ് ബിനോയ്- ബിനീഷ് സഹോദരപ്രഭൃതികൾ.
ചിലപ്പോൾ മാർക്സും ഏംഗൽസും ചേർന്ന് പൂർത്തിയാക്കിയ ദാസ് ക്യാപ്പിറ്റലിന്റെ പുതിയ വേർഷൻ ബിനോയ്- ബിനീഷ് ബ്രദേഴ്സ് പുറത്തിറക്കിയെന്നിരിക്കും. മൂലധനം യഥാവിധി സ്വരൂപിക്കാതെ ഒരു വിപ്ലവവും വിരിയില്ല എന്ന സിദ്ധാന്തം മാർക്സ് പറയേണ്ടിയിരുന്ന ശരിയായ സിദ്ധാന്തമായിരുന്നു എന്ന് ബിനീഷ് സഖാവിനറിയാം. അതുകൊണ്ടാണ് ചില്ലറ മൂലധനം ആവശ്യാനുസരണം സഖാവ് സ്വരൂപിക്കുന്നതും വിപ്ലവലക്ഷ്യത്താൽ അത് അവധാനതയോടെ വിതരണം ചെയ്തുവരുന്നതും. അങ്ങനെ ചെയ്യുന്നവരുടെ വഴി പൂമെത്തയായിരിക്കണമെന്നില്ല. വിപ്ലവം അങ്ങനെയെളുപ്പത്തിൽ സൃഷ്ടിക്കാവുന്ന ഒന്നല്ല. അതിന് ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടതായി വരും. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ പാതയിലൂടെ നഗ്നപാദനായി നടക്കേണ്ടി വരും. ചിലപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകാർ വന്ന് പിടിച്ച് അകത്തിട്ടെന്നിരിക്കും. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ബിനോയ്- ബിനീഷ് ബ്രദേഴ്സ് ഈ പണിക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ത്യാഗധനരായ നേതാക്കന്മാർ തടവറയിൽ കിടന്നും മറ്റും നേടിത്തന്നതാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നോർക്കുമ്പോൾ ഇ.ഡിക്കാരുടെ മുന്നിലും ബിനീഷ് സഖാവിന്റെ കൈകളിൽ രോമം എഴുന്നുനിൽക്കാറുണ്ട്. വിപ്ലവം ജയിക്കട്ടെയെന്ന് മുഷ്ടി ചുരുട്ടാത്തത് ഇ.ഡിക്കാർക്കെന്തെങ്കിലും തോന്നേണ്ട എന്നത് കൊണ്ടാണ്.
ശരിക്കും ബിനീഷ് സഖാവ് ആൾ സകല കലാവല്ലഭനാണ്. വിപ്ലവം വിരിയിക്കാൻ ചുമതലപ്പെട്ടവർ അങ്ങനെ തന്നെയായിരിക്കണം. ക്രിക്കറ്റ് കളിക്കാരനാണ്. സിനിമാനടനാണ്. ബിസിനസ്സുകാരനാണ്. കടലിൽ കുളിക്കും. അതറിയാതെ വല്ലവരും കുളത്തിൽ തള്ളിയിട്ട്, ഇതാ മുങ്ങിപ്പോയി എന്ന് അട്ടഹസിച്ച് ചിരിച്ചെന്ന് വരും. പക്ഷേ കുളത്തിൽ മുങ്ങിപ്പോകുമെന്ന് ധരിച്ചവർ അങ്ങനെയല്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഓടിയൊളിക്കുന്നതാണ് അനുഭവം. കടലിൽ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാമെന്ന് നോക്കരുത് എന്ന് ബിനീഷ് സഖാവ് ഇത്തരക്കാരോട് കട്ടായം പറയാറുണ്ട്.
എന്തായാലും ബിനീഷ് സഖാവിനെ ഇപ്പോൾ ഇ.ഡിക്കാർ പിടിച്ചകത്തിട്ടിരിക്കുകയാണ്. ലഹരി മരുന്ന് കടത്തിയ ഏതോ പഹയന് ചില്ലറ മൂലധനം സഹായമായി കൊടുത്തതിനാണ് അറസ്റ്റെന്നാണ് പറയുന്നത്.ചില്ലറ മൂലധനം കൊടുത്തതല്ല, ലഹരിക്കടത്തുകാരന്റെ മൂലധനത്തിന് പിന്നിലെ ബോസ് തന്നെ ബിനീഷ് സഖാവാണെന്നാണ് ഇ.ഡി പറയുന്നത്. 'മൂലധന'മില്ലാതെ ഒരു വിപ്ലവവും വിരിയില്ല എന്നറിയാത്ത വിവരദോഷികളായിരിക്കാം ഇ.ഡിക്കാർ. വിപ്ലവകാരികളെ തിരിച്ചറിയുക എളുപ്പമല്ല. വിവരദോഷികൾക്ക് അതൊട്ടുമേ സാധിക്കുകയില്ല. അതുകൊണ്ട് ഇ.ഡിയെ ഓർത്ത് നമുക്ക് സമാധാനിക്കാം. അങ്ങനെ സമാധാനിക്കുമ്പോൾ തന്നെ, ബിനീഷ് സഖാവിലൂടെ വിരിയുന്ന വിപ്ലവവും വിപ്ലവാനന്തരം സംഭവിക്കുന്ന പുതിയ ലോകവും സ്വപ്നം കണ്ട് നമുക്ക് മുന്നോട്ട് നീങ്ങാം. അല്ലാതെന്ത് നിവൃത്തി!
...................................
- ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നത് പിണറായി സഖാവ് എപ്പോഴും ഉരുവിടാറുള്ള ചൊല്ലുകളിലൊന്നാണ്. ഉപ്പ് തിന്നുന്നവരെ, അവർ വെള്ളം കുടിക്കും എന്നുള്ളത് കൊണ്ടുതന്നെ സ്വന്തം ഓഫീസിൽ അദ്ദേഹം വച്ചുവാഴിക്കാറില്ലായിരുന്നു. എന്നാൽ ചില ദുഷ്പ്രഭുത്വങ്ങൾ നാട്ടിലുള്ള കാര്യം സഖാവിന് അത്രയ്ക്കങ്ങ് അറിവില്ലായിരുന്നതുകൊണ്ടുതന്നെ അക്കൂട്ടത്തിലൊന്നായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാമത്തെ നിലയിലിരുന്ന് ഉപ്പ് ചാക്ക് തന്നെ ഭക്ഷിച്ചുകൊണ്ടിരുന്നത് സഖാവ് അറിഞ്ഞില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവിടെ സസുഖം വാഴുകയായിരുന്നു.
അതിന് സഖാവിനെ പഴി ചാരിയിട്ട് കാര്യമില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വങ്ങൾ എപ്പോഴും അങ്ങനെയാണ്. ഉപ്പ് തിന്നുന്നവൻ നല്ലോണം വെള്ളം കുടിച്ചോട്ടെ എന്നതാണ് പിണറായി സഖാവിന്റെ പോളിസി എന്നതിനാൽ ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും സഖാവ് അങ്ങനെ മാത്രമേ കാണുന്നുള്ളൂ. വെള്ളം കുടിക്കുന്നത് അവന്റെ വിധിയായി കണ്ട് സമാധാനിക്കാനാണ് സഖാവ് തീരുമാനിച്ചിരിക്കുന്നത്. അല്ലാതെ, നീയാര് ഇവിടെയിരുന്ന് വെള്ളം കുടിക്കാൻ എന്ന് ചോദിച്ച് അപക്വമതിയാകാൻ സഖാവ് ഉദ്ദേശിക്കുന്നില്ല. ഉദ്യോഗസ്ഥന്റെ ചെയ്തികൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന് എന്ന ചോദ്യം ന്യായമാണ്. ശിവശങ്കറിനെ കാണിച്ച് സർക്കാരിനോട് യുദ്ധം വേണ്ട എന്നാണ് ചെന്നിത്തല ഗാന്ധിയോട് സഖാവിന് അറുത്ത് മുറിച്ച് പറയാനുള്ളത്. അതിനാൽ യുദ്ധം അവസാനിപ്പിച്ച് ചെന്നിത്തല ഗാന്ധി പിന്മാറുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അല്ലെങ്കിൽ ചിലപ്പോൾ സഖാവ് അപക്വമതിയായെന്നിരിക്കും. എത്രയെന്ന് വച്ചാണ് ഒരാൾ ക്ഷമിക്കുക! ക്ഷമാശീലം അല്ലെങ്കിൽ തന്നെ സഖാവിന്റെ നിഘണ്ടുവിൽ അടുത്തകാലത്ത് മാത്രമാണ് ഇടം പിടിച്ചത്. ആ പദാവലി നിഘണ്ടുവിൽ നിന്ന് മാറ്റിയെടുക്കാൻ വലിയ അദ്ധ്വാനത്തിന്റെ ആവശ്യമില്ലെന്ന് ചോമ്പാൽ മുല്ലപ്പള്ളി ഗാന്ധിയും ഓർക്കുന്നത് നന്നായിരിക്കും!
..........................
- ശോഭാജിയോട് കെ.സുരേന്ദ്രൻജി കാണിച്ചത് ഒട്ടും നീതിയായില്ല. ദേശീയ നിർവ്വാഹകസമിതി അംഗത്തെ സംസ്ഥാന വൈസ് പ്രസിഡന്റാക്കുന്നത് എവിടെയും കേട്ടുകേൾവിയില്ലാത്തതാണ്. ഇതൊരു മാതിരി കടലിൽ തിരമാലകളെ വകഞ്ഞുമാറ്റി നീന്തിവന്നയാളെ കുളത്തിലിട്ട് നീന്തൽ പഠിപ്പിക്കാൻ നോക്കുന്നത് പോലെയായിപ്പോയി. എന്ത് തോന്ന്യവാസമാണിത്! താമരപ്പാർട്ടിയിൽ പകലന്തിയോളം വെള്ളം കോരിയ ശോഭാജി സംസ്ഥാന ഉപാദ്ധ്യക്ഷ. മണ്ണുംചാരി കണ്ണുമിറുക്കി നിന്ന അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷൻ. ന.മോ.ജി- അമിത് ഷാജി സഖ്യമൊക്കെ നല്ലതുതന്നെയെങ്കിലും വി.മുരളീധർജിയെക്കൊണ്ട് ഇമ്മാതിരി കണ്ണിൽചോരയില്ലാത്ത പരിപാടി നടത്തിക്കരുതായിരുന്നു. ഇതിലും ഭേദം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കലായിരുന്നു!
ഇ-മെയിൽ: dronar.keralakaumudi@gmail.com